‘അന്നം നൽകുന്ന രാജ്യത്തിന് ഞങ്ങളുടെ ജീവരക്തം’, ജിദ്ദ കെ.എം.സി.സി. രക്തദാന ക്യാമ്പ് വ്യാഴാഴ്ച ആരംഭിക്കും

‘അന്നം നൽകുന്ന രാജ്യത്തിന് ഞങ്ങളുടെ ജീവരക്തം’എന്ന തലക്കെട്ടിൽ ജിദ്ദ കെ.എം.സി.സി നടത്തുന്ന രക്തദാന ക്യാമ്പ് വ്യാഴാഴ്ച ആരംഭിക്കും.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദ ബന്ധം ചിരപുരാതനമാണ്. പ്രവാചക ചരിത്രത്തിലേക്ക് ചെന്നുചേരുന്ന ആ സൗഹൃദ ചേരുവ തീർത്ഥാടകരിലൂടെ തലമുറകളായി കാത്തു സൂക്ഷിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഇന്ത്യാ സൗദി സൗഹൃദത്തിന് നയതന്ത്രത്തിൻ്റെ കണ്ണി ചേർത്തു. ഇന്ദിരയും രാജീവും അത് ശക്തിപ്പെടുത്തി. മൻമോഹൻ സംഗിൻ്റെ കാലത്ത് ഇ.അഹമ്മദ് എന്ന വിശ്വ പൗരൻ്റ ഇടപെടൽ ഇന്ത്യാ സൗദി സൗഹൃദം പൂത്തുല്ലസിച്ചു.

ജീവിക്കാനായ് മരുപ്പച്ച തേടി വന്ന ഇന്ത്യൻ പ്രവാസികൾ ഈ സൗഹൃദം ഊട്ടി ഉറപ്പിച്ച അംബാസിഡർമാരായി മാറി. സൗദിയിലെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സംഘടനയായ കെ.എം.സി.സി.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ ഉത്സാഹിച്ചു. ഉന്നത മാനവീകതയുടെ ഉദാത്ത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കെ.എം.സി.സി.അറബ് ജനതയുടെ മനം കവർന്നു.

ഹജ്ജിൻ്റെ കർമ്മഭൂമിയിലെ സേവനവും കോവിഡ് കലി തുള്ളിയ കാലത്തെ സമർപ്പണവും അങ്ങിനെ പലതും ഈ നാട്ടുകാരിൽ ഇന്ത്യൻ അഭിനിവേശം വർദ്ധിപ്പിക്കാൻ കാരണമായി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്ന സൗദി അറേബ്യയുടെ ദേശീയ ദിനത്തിൽ പതിറ്റാണ്ടിലേറെക്കാലമായി സൗദി കെ.എം.സി.സിയുടെ നേതൃത്വത്തിൽ അന്നം നൽകുന്ന രാജ്യത്തിന് ഞങ്ങളുടെ ജീവരക്തം എന്ന മഹത്തായ സന്ദേശവുമായി രാജ്യവ്യാപകമായി ജീവദാനത്തിന് സമാനമായ രക്തദാനം നിർവഹിച്ച് വരികയാണ്.

ജിദ്ദ കെ.എം.സി.സി.യുടെ നൂറ് കണക്കിന് പ്രവർത്തകർ സെപ്റ്റംബർ 22, 23 തിയ്യതികളിലായി മഹ്ജർ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ കോളേജിലും, സുലൈമാനിയ്യ കിംഗ് അബ്ദുൽ അസീസ് മിലിറ്ററി ഹോസ്പിറ്റലിലും
ജിദ്ദ കിംഗ് ഫഹദ് മെഡിക്കൽ സെൻ്റർ ഹോസ്പിറ്റലിലും രക്തദാനം നിർവഹിക്കുമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!