പപ്പാ..ആ ജപ്തി ബോർഡ് ഒന്ന് ഇളക്കി കളയാമോ എന്ന് മോള് ചോദിച്ചിരുന്നു; മനോവേദനയാലാണ് മോള് ആത്മഹത്യ ചെയ്തതെന്ന് അഭിരാമിയുടെ അച്ഛൻ
കൊല്ലം: വീട്ടിൽ പതിച്ച ജപ്തി ബോര്‍ഡാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാർ പറഞ്ഞു. ജപ്തി ബോര്‍ഡ് മകള്‍ക്ക് മനോവേദനയുണ്ടാക്കി. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് മകൾ പറഞ്ഞതായും അജികുമാർ പറഞ്ഞു.
‘ഭാര്യയും മോളുമായാണ് ആദ്യം ബാങ്കിൽ പോയത്. മകളെ റോഡിൽനിർത്തിയിട്ട് ഞാനും ഭാര്യയും കൂടി ബാങ്കിൽ കയറി ഞങ്ങളുടെ അവസ്ഥയൊക്കെ പറഞ്ഞു. അപ്പോൾ മാനേജർ പുറത്തുപോയിരുന്നു. ഞങ്ങൾ തിരിച്ചു വീട്ടിലേക്കു വന്നപ്പോൾ മോള് പറയുന്നുണ്ടായിരുന്നു പപ്പ നമുക്ക് വീടൊന്നും വേണ്ട, വിൽക്കാം, വിറ്റ് കടം തീർക്കാമെന്ന്. ഇവിടെ വന്ന് ജപ്തി ബോർഡ് ഇരിക്കുന്നതു കണ്ടപ്പോൾ അവളുടെ മനസ്സ് പതറി. മുത്തച്ഛൻ അസുഖബാധിതനായി കിടക്കുന്നതു കൊണ്ട് ആളുകൾ കാണാൻ വരുമെന്നും ബോർഡ് ഇരുന്നാ നാണക്കേടാ, പപ്പാ അത് ഇളക്കി കള എന്നും പറഞ്ഞ് ഇവിടെയിരുന്നു കരഞ്ഞു. സർക്കാർ ബോർഡല്ലേ, പ്രശ്നമായാലോ, ബാങ്കിൽ പോയി ഇളവ് ചോദിക്കാമെന്ന് ഞാൻ പറഞ്ഞു. പോയിട്ട് തിരിച്ചെത്തിയപ്പോൾ മകളുടെ അവസ്ഥയിതാണ്. മോൾക്ക് മരിക്കാൻ വേണ്ടിയാണോ വീടുണ്ടാക്കിയത്. ഇനി സർക്കാർ എന്ത് വേണമെങ്കിലും ചെയ്തോട്ടെ’- -അഭിരാമിയുടെ പിതാവ് പറഞ്ഞു.
മാനേജർ അഞ്ചുമണിയോടെ വരുമെന്ന് പറഞ്ഞതിനാൽ മോളെ വീട്ടിൽനിർത്തി ഞാനും ഭാര്യയും കൂടി വീണ്ടും ബാങ്കിൽ പോയി. മൂന്നു ലക്ഷം രൂപ കുടിശികയുണ്ടെന്നും അത് അടയ്ക്കണമെന്നും മാനേജർ പറഞ്ഞു. എന്തെങ്കിലും സാവകാശത്തിന് റിക്കവറി പേപ്പർ തരാമെന്നു പറഞ്ഞു. മൊബൈൽ നമ്പർ ഓർമയില്ലാഞ്ഞതിനാൽ ഭാര്യയെ ബാങ്കിൽനിർത്തി തിരിച്ചു വന്നപ്പോഴാണ് വീട്ടിൽ ആൾക്കൂട്ടം കണ്ടത്. അച്ഛന് എന്തോ പറ്റിയെന്നാണ് കരുതിയത്. അച്ചൻ അസുഖബാധിതനായി കുറേക്കാലമായി കിടപ്പിലാണ്. ആറു മാസം കൊണ്ട് അച്ഛനെ കാണാൻ വന്നതാ ഞാൻ, അവസാനം എന്റെ മോൾടെ ശവമടക്ക് കാണേണ്ട അവസ്ഥയാ എനിക്ക്..ഈ വീടു വച്ചിട്ട്’– അജികുമാർ പറഞ്ഞു.
അച്ഛനും അമ്മയും കൂടി ബാങ്കിൽ പോയി സംസാരിച്ച് പരിഹാരമുണ്ടാക്കാം എന്നും പറഞ്ഞാണ് പോയത്. ഇതിന് പിന്നാലെ അഭിരാമി മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയുമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. പലതവണ വാതിലിൽ മുട്ടിവിളിച്ചും തുറക്കാതായതോടെയാണ് അയൽക്കാരെ വിവരമറിയിച്ചത്. കതക് ചവിട്ടിത്തുറന്നപ്പോൾ കണ്ടത് ചുരിദാറിന്‍റെ ഷാളിൽ തൂങ്ങിനിൽക്കുന്ന അഭിരാമിയെയായിരുന്നു.
കിടപ്പുരോഗിയായ മുത്തച്ഛനെ നോക്കിയിരുന്നത് അഭിരാമിയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങാന്‍ കാരണം കോവിഡ് പ്രതിസന്ധിയെന്നും അജികുമാര്‍ വിതുമ്പലോടെ പറഞ്ഞു. മോൾടെ പഠിപ്പും അച്ഛന്റെയും ഭാര്യയുടെയും ആശുപത്രിച്ചെലവുമൊക്കെയായി പ്രതിസന്ധിയിലായിരുന്നു. തുക അടയ്ക്കാത്തതിന്റെ രണ്ടു മൂന്നു പേപ്പർ വന്നതിനാലാണ് ഇപ്പോൾ താൻ ഓടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥിനിയുടെ മുത്തച്ഛനില്‍നിന്ന് കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ഒപ്പിട്ടുവാങ്ങിയതായും പരാതിയുണ്ട്. കിടപ്പിലായിരുന്ന തന്നെക്കൊണ്ട് ഒപ്പ് പതിപ്പിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയതെന്ന് അഭിരാമിയുടെ മുത്തച്ഛന്‍ ശശിധരന്‍ ആചാരി പറഞ്ഞു. ഒപ്പിടുന്നത് എന്തിനെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞില്ല. ഈസമയം അഭിരാമിയുടെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നുവെന്നും ശശിധരന്‍ ആചാരി പറഞ്ഞു.
കൊല്ലം ശൂരനാട് അജികുമാറിന്‍റെയും ശാലിനിയുടെ മകള്‍ അഭിരാമി (20) യെ ഇന്നലെ വൈകിട്ട് 4.30നാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച് നിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. അഭിരാമിയുടെ സംസ്കാരം ഇന്ന് നടക്കും. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുേശഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക