വയറിലൊളിപ്പിച്ച മയക്കുമരുന്ന് ഗുളികകളുമായി പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റില്‍; പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു
മയക്കുമരുന്നുമായി ബഹ്റൈനിലേക്ക് കടക്കാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിയെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ഹാഷിഷും മെതാഫിറ്റമീനുമാണ് ഇയാള്‍ സ്വന്തം വയറിലൊളിപ്പിച്ച് കൊണ്ടുവരാന്‍ ശ്രമിച്ചത്. പിടിയിലാവുമ്പോള്‍ 83 മയക്കുമരുന്ന് ഗുളികകള്‍ ഇയാളുടെ ശരീരത്തിലുണ്ടായിരുന്നു. മയക്കുമരുന്ന് കടത്തിന് പുറമെ ഹാഷിഷ് ഉപയോഗിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.
ബഹ്റൈനിലുള്ള ചിലര്‍ക്ക് കൈമാറാനായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് 34 വയസുകാരനായ പ്രതി ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഇതിന് പകരമായി പണവും ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കുറ്റം സമ്മതിച്ചെങ്കിലും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. ജൂലൈയിലാണ് യുവാവ് അറസ്റ്റിലായതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദ പരിശോധന നടത്തിയത്. എക്സ് റേ പരിശോധനയില്‍ ഇയാളുടെ വയറിനുള്ളില്‍ ചില അസ്വഭാവിക വസ്‍തുക്കള്‍ ശ്രദ്ധയില്‍പെട്ടു. ഇതോടെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ചാണ് മയക്കുമരുന്ന് ഗുളികകള്‍ ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. ആറ് തവണയായി 83 ഗുളികകളും ഇയാള്‍ തനിയെ പുറത്തെടുത്തു.
ക്യാപ്‍സ്യൂളുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവയ്‍ക്കുള്ളില്‍ മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. ഇയാളുടെ മൂത്രം പരിശോധിച്ചപ്പോള്‍ അതിലും ഹാഷിഷിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കോടതിയില്‍ കഴിഞ്ഞ ദിവസം പ്രാഥമിക വാദം നടത്തിയ ശേഷം കേസ് സെപ്റ്റംബര്‍ 27ലേക്ക് മാറ്റിവെച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക