സിസിടിവി പണികൊടുത്തു; ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് 10 കോടി മോഷ്ടിച്ച പ്രവാസിയും സഹോദരനും കുടുങ്ങി

യുഎഇയില്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് 50 ലക്ഷം ദിര്‍ഹം മോഷ്ടിച്ച പ്രവാസിയും സഹോദരനും പിടിയിലായി. ഇരുവര്‍ക്കും അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച കോടതി, ഈ ശിക്ഷ പൂര്‍ത്തിയായാല്‍ യുഎഇയില്‍ നിന്ന് നാടുകടത്താനും ഉത്തരവിട്ടു. ദുബൈയിലെ ഒരു പുകയില വ്യാപാര കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്‍തിരുന്ന യുവാവാണ് കേസിലെ പ്രധാന പ്രതി.

സ്ഥാപനത്തിലെ അക്കൗണ്ടന്റിനെ കബളിപ്പിച്ച് ലോക്കറിന്റെ താക്കോലും ഇലക്ട്രോണിക് കാര്‍ഡും കൈക്കലാക്കിയായിരുന്നു മോഷണം. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. ദുബൈ സിലിക്കണ്‍ ഒയാസിസില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ക്യാഷ്യര്‍ ഒരു ദിവസം ലോക്കര്‍ തുറന്നപ്പോഴാണ് പണം നഷ്ടമായിട്ടുണ്ടെന്ന് മനസിയാലത്. കമ്പനിയിലെ സെക്യൂരിറ്റി ടീം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ജോലി സമയം കഴിഞ്ഞ് രണ്ട് പേര്‍ സ്ഥാപനത്തില്‍ എത്തിയതായി കണ്ടെത്തി. ഇതിലൊരാള്‍ സ്ഥാപനത്തില്‍ ജോലി ചെയ്‍തിരുന്ന അക്കൗണ്ടന്റായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ കമ്പനി അധികൃതര്‍ പൊലീസിന് കൈമാറി.

ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായ അക്കൗണ്ടന്റിനെ കണ്ടെത്താനായിരുന്നു പൊലീസിന്റെ ആദ്യ ശ്രമം. ഇയാളെ അറസ്റ്റ് ചെയ്‍ത് പരിശോധിച്ചപ്പോള്‍ 12 ലക്ഷം ദിര്‍ഹവും ആഭരണങ്ങളും കംപ്യൂട്ടറുകളും കണ്ടെടുത്തു. സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സഹോദരന്റെ സഹായത്തോടെയായിരുന്നു മോഷണം നടത്തിയത്. ക്യാഷ്യര്‍ അറിയാതെ താക്കോലിന്റെയും സ്‍മാര്‍ട്ട് കാര്‍ഡിന്റെയും കോപ്പി എടുത്ത ശേഷം ഇവ തിരികെ നല്‍കുകയും പിന്നീട് അവ ഉപയോഗിച്ച് മോഷണം നടത്തുകയുമായിരുന്നു.

മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം തങ്ങളുടെ ഒരു ബന്ധുവിന് കൈമാറിയെന്നും ഇയാള്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ആ പണം നാട്ടിലേക്ക് അയച്ചുവെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ രണ്ട് പേര്‍ക്കും അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. മോഷ്ടിച്ച പണവും ഇവര്‍ രണ്ട് പേരും ചേര്‍ന്ന് തിരികെ നല്‍കണം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!