‘ശിവന്‍കുട്ടിയെ തല്ലി ബോധംകെടുത്തിയിട്ടു. വനിതാ എംഎല്‍എമാരുടെ തലയിലും അവിടെയും ഇവിടെയുമൊക്കെയായിട്ട് പിടിച്ചു’; നിയമസഭ കയ്യാങ്കളി കേസിൽ ഇ.പി ജയരാജൻ
നിയമസഭാ കയ്യാങ്കളി കേസില്‍ യുഡിഎഫിനെതിരെ ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ ആക്രമണങ്ങള്‍ ചെറുക്കുകയാണ് അന്ന് ചെയ്തത്. യുഡിഎഫ് എംഎല്‍എമാരും അന്ന് ഡയസ്സില്‍ കയറി. ഇന്നത്തെ മന്ത്രി ശിവന്‍കുട്ടിയെ തല്ലി ബോധംകെടുത്തിയിട്ടു. പലരേയും കടന്നാക്രമിച്ചു. വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു. വനിതാ എംഎല്‍എമാരുടെ തലയിലും അവിടെയും ഇവിടെയുമൊക്കെയായിട്ട് പിടിച്ചു. അവര്‍ക്ക് രക്ഷപെടാന്‍ ഒരു യുഡിഎഫ് എംഎല്‍എയുടെ കൈ കടിക്കേണ്ടിവന്നു. ഇങ്ങനെയെല്ലാമുള്ള അന്തരീക്ഷമാണ് യുഡിഎഫ് അവിടെയുണ്ടാക്കിയത്.
നടത്തളത്തില്‍ ഇരുന്ന് മദ്രാവാക്യം വിളിക്കുകയായിരുന്നു. ആ ഘട്ടത്തിലാണ് തികച്ചും പ്രകോപനപരമായി യുഡിഎഫ് എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചത്. അപ്പോള്‍ പ്രതിഷേധം ഉണ്ടാകും. യുഡിഎഫുമാര്‍ ആക്രമിച്ച ഭാഗങ്ങളുടെ വീഡിയോ ബോധപൂര്‍വ്വം ഒഴിവാക്കി. അതിന് ശേഷമുളള കാര്യങ്ങളാണ് പുറത്തുവന്നത്. അവരും ഡയസ്സില്‍ കയറിയിട്ടുണ്ട്. അക്രമം കാണിച്ചിട്ടുണ്ട്. അവര്‍ സ്ത്രീകളെ കയ്യേറ്റം ചെയ്യുന്ന രംഗങ്ങള്‍ ടി.വി ചാനലുകളില്‍ വന്നിട്ടുണ്ട്. അതിന് ശേഷം എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് നേരെ കേസെടുക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനെ തുടര്‍ന്നാണ് നാല് വനിതാ എംഎല്‍എമാര്‍ നേരിട്ട് കോടതിയെ സമീപിച്ചത്.