ദൈവം പറഞ്ഞു കാലു വാരാന്‍. അങ്ങിനെയാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയതെന്ന് ഗോവയിലെ കോണ്‍ഗ്രസ്സ് നേതാവ്
പനാജി: സ്വന്തം പാർട്ടിയെ വഞ്ചിച്ച് മറുകണ്ടം ചാടിയത് ഈശ്വരൻ പറഞ്ഞിട്ടെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഗോവയിലെ മുതിർന്ന നേതാവ് ദിഗംബർ കാമത്ത്. ഗോവയിലെ 11 കോൺഗ്രസ് എംഎൽഎമാരിൽ കാമത്ത് ഉൾപ്പെടെ എട്ട് പേരാണ് ഭരണകക്ഷിയായ ബിജെപിയിലേക്ക് മാറിയത്.
ഏഴ് മാസം മുൻപ് കൂറുമാറ്റം നടത്തില്ലെന്ന് പള്ളിയിലും മോസ്കിലും ക്ഷേത്രത്തിലും സത്യം ചെയ്തവരാണ് ഒടുവിൽ കാലുവാരിയത്. തെരഞ്ഞെടുപ്പിന് ശേഷം തങ്ങൾ പാർട്ടിവിടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ബിജെപിയിൽ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എംഎൽഎമാരും ഈശ്വരന്റെ അനുമതി വാങ്ങിയിരുന്നെന്നും ഈശ്വരൻ സമ്മതിച്ചെന്നുമാണ് കൂറുമാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ദിഗംബർ കാമത്ത് ന്യായീകരണം നടത്തിയത്. താൻ ദൈവത്തിൽ വിശ്വസിക്കുന്നയാളാണ്. കോൺഗ്രസ് വിടില്ലെന്ന് തെരഞ്ഞെടുപ്പിന് മുൻപ് സത്യം ചെയ്തതാണ്.
എന്നാൽ താൻ വീണ്ടും വീണ്ടും ക്ഷേത്രത്തിൽ പോയി, എന്താണ് ചെയ്യേണ്ടതെന്ന് ഈശ്വരനോട് ചോദിച്ചു. നിങ്ങൾക്ക് നല്ലത് എന്താണോ അതു ചെയ്യാൻ ദൈവം തന്നോട് പറഞ്ഞുവെന്ന് ഗോവ മുൻമുഖ്യമന്ത്രി കൂടിയായ അദ്ദേഹം മാധ്യമപ്രവർത്തകരോട് അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഗോവ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ കൂറുമാറില്ലെന്ന് സത്യം ചെയ്തത്. തങ്ങൾ ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും മുന്നിൽ സത്യം ചെയ്തു. ഇന്ന് ബോസ് രാഹുൽ ജിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നു- കൂറുമാറിയവരിൽ ഒരാളായ സങ്കൽപ് അമോങ്കർ അന്ന് പറഞ്ഞിരുന്നു.