ജിസിസി ഡൈവിംഗ് ലൈസന്‍സുള്ള പ്രവാസികള്‍ക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റ്. ഡ്രൈവിംഗ് ക്ലാസുകളില്‍ ഹാജരാകേണ്ട
ദോഹ: ജിസിസി രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുള്ള പ്രവാസികള്‍ക്ക് ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുക ഇനി കൂടുതല്‍ എളുപ്പമാവും. ജിസിസി ലൈസന്‍സ് ഉള്ളവര്‍ക്ക് നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരായാല്‍ മതിയെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് പ്രതിനിധി ഫസ്റ്റ് ലഫ്റ്റനന്റ് മുഹമ്മദ് അല്‍ അംരി അറിയിച്ചു. ഇവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന്റെ ഭാഗമായുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാവുന്നതിന് മുമ്പായി ഡ്രൈവിംഗ് ക്ലാസ്സുകളില്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഡ്രൈവിംഗ് പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഇവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റിന് നേരിട്ട് ഹാജരാവാനാണ് ട്രാഫിക് വിഭാഗം അനുമതി നല്‍കിയിരിക്കുന്നത്. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകമായ തീരുമാനമാണിത്. ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കുന്നതിനുള്ള യോഗ്യതയായ ഡ്രൈവിംഗ് തിയറി കോഴ്‌സ് കഴിയുന്നതു വരെ ഇവര്‍ ലൈസന്‍സിനായി കാത്തിരിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്ക് ലൈസന്‍സ് നല്‍കുക.
അതേസമയം, ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അവരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ എളുപ്പത്തില്‍ ഖത്തര്‍ ലൈസന്‍സാക്കി മാറ്റാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. നിലവിലെ ട്രാഫിക് നിയമങ്ങള്‍ പ്രകാരം ജിസിസി രാജ്യങ്ങില്‍ ഏതിലെങ്കിലും ഒരു രാജ്യത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ ബന്ധുക്കളെ കാണുന്നതിനോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ ആയി ഖത്തറിലെത്തിയാല്‍ ആ ലൈസന്‍സ് ഉപയോഗിച്ചു തന്നെ വാഹനം ഓടിക്കാന്‍ കഴിയും. രാജ്യത്തെത്തി മൂന്നു മാസം വരെ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. ഏത് സമയത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് രാജ്യത്ത് പ്രവേശിച്ച തീയതി വ്യക്തമാക്കുന്ന രേഖ കാണിക്കണം. അതിനാല്‍ പാസ്‌പോര്‍ട്ടോ എന്‍ട്രി വിസയോ എപ്പോഴും കൈവശമുണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.