‘ആസാദ് കശ്മീർ’ പരാമർശം: കെ.ടി ജലീലിനെതിരെ പ്രസക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കോടതി ഉത്തരവിട്ടു
‘ആസാദ് കശ്മീർ’ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ കേസെടുക്കാനും പ്രസക്തമായ വകുപ്പുകൾ ചുമത്താനും ഡൽഹി റോസ് അവന്യൂ കോടതി തിങ്കളാഴ്ച പൊലീസിന് ഉത്തരവിട്ടു.
സുപ്രീം കോടതി അഭിഭാഷകൻ ജിഎസ് മണിയൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉത്തരവിലെ വകുപ്പുകൾ കോടതി വ്യക്തമാക്കിയിട്ടില്ല.
ജലീലിനെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവ് വേണമെന്ന നിലപാടാണ് തിലക് മാർഗ് പൊലീസ് നേരത്തെ സ്വീകരിച്ചിരുന്നത്. നേരത്തെ കേരള പോലീസും സമാനമായ കോടതി ഉത്തരവിനെ തുടർന്ന് കേസെടുത്തിരുന്നു.
ഇതേ വിഷയത്തിൽ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസ് ചൂണ്ടിക്കാട്ടി, പുതിയ കേസിൻ്റെ ആവശ്യമുണ്ടോെ എന്നും, കോടതി ഉത്തരവിട്ടാൽ ജലീലിനെതിരെ പുതിയ കേസെടുക്കുമെന്നുമായിരുന്നു ഡൽഹി പോലീസ് കോടതിയെ അറിയിച്ചിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കെ.ടി ജലീലിനെതിരെ പ്രസക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
സി.പി.എം സഹയാത്രികനും തവനൂരിലെ സ്വതന്ത്ര എം.എൽ.എയുമായ ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ആസാദ് കശ്മീരിനെയും ഇന്ത്യാ അധിനിവേശ കശ്മീരിനെയും പരാമർശിച്ചത് വൻ വിവാദമായിരുന്നു. പിന്നീട് അദ്ദേഹം ആ ഭാഗം പോസ്റ്റിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക