ഗർഭച്ഛിദ്രം നടത്തുന്ന പ്രവാസി വനിതാ ഡോക്ടർ സൗദിയിൽ അറസ്റ്റിലായി; പിടിയിലായത് നാടകീയ നീക്കത്തിലൂടെ – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ പ്രസിദ്ധമായ ഒരു സ്വകാര്യ മെഡിക്കൽ കോംപ്ലക്സിൽ ഗർഭച്ഛിദ്രം നടത്തുന്ന പ്രവാസി ഡോക്ടറെ അറസ്റ്റ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മെഡിക്കൽ കോംപ്ലക്സിലെ ക്ലിനിക്കിലൂടെ രഹസ്യമായിട്ടായിരുന്നു ഇവർ ഗർഭച്ഛിദ്രം നടത്തിയിരുന്നത്. ഇതിനായി ഇവർ വൻ തുക പ്രതിഫലം വാങ്ങിയിരുന്നതായും അധികൃതർ പറഞ്ഞു.

വളരെ നാടകീയമായാണ് അധികൃതർ ഇവരെ വലയിലാക്കിയത്. റിയാദ് ആരോഗ്യ വിഭാഗത്തിലെ രഹസ്യാന്വേഷണ വിഭാഗം ആൾമാറാട്ടത്തിലൂടെയാണ് ഡോക്ടറെ പിടികൂടിയത്. ഒരു ഗർഭിണിയായ സ്ത്രീക്ക് ഗർഭച്ഛിദ്രം നടത്തണമെന്ന ആവശ്യവുമായി ഇവർ ഡോക്ടറെ സമീപിച്ചു. വൻ തുക ആവശ്യപ്പെട്ട ഡോക്ടറുമായി ഏറെ നേരത്തെ വിലപേശലിനൊടുവിൽ 8,000 റിയാലിന് അബോർഷൻ നടത്താമെന്ന ധാരണയിലെത്തി. ഇങ്ങിനെയാണ് ഡോക്ടർ പിടിയിലാകുന്നത്.

ഇവരിൽ നിന്നും ഗർഭച്ഛിദ്രം നടത്താനുപയോഗിക്കുന്ന കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികളും മരുന്നുകളും പിടിച്ചെടുത്തു. രോഗികളുടെ ആരോഗ്യത്തിന് ഭീഷണിയായും രാജ്യത്തിന്റെ ചട്ടങ്ങൾ ലംഘിച്ചും മിനിമം മെഡിക്കൽ, ആരോഗ്യ ആവശ്യകതകൾ പോലും പാലിക്കാത്ത അന്തരീക്ഷത്തിലായിരുന്നു പ്രശസ്ത മെഡിക്കൽ കോംപ്ലക്സിൽ പ്രവാസി വനിതാ ഡോക്ടർ ഗർഭച്ഛിദ്രം നടത്തിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. 

നിയമപ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ പ്രോസിക്യൂഷന് കൈമാറി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ആറ് മാസത്തിൽ കൂടാത്ത തടവ് ശിക്ഷയും, ഒരു ലക്ഷം റിയാലിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഏതെങ്കിലും ഒന്നോ ശിക്ഷ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

 

വീഡിയോ കാണാം.. 

 

Share
error: Content is protected !!