സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: പഞ്ചാബിൽ ഗായകൻ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ സംഘം ബോളിവുഡ് നടൻ സൽമാൻ ഖാനെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. പഞ്ചാബ് പോലീസാണ് ഈ കാര്യം വെളിപ്പെടുത്തിയത്. മുംബൈയിൽ ഇതിനായി സംഘം നിരീക്ഷണം നടത്തിയെന്നും കേസിൽ പിടിയിലായ കപിൽ പണ്ഡിറ്റ് പഞ്ചാബ് പോലീസിനോട് വെളിപ്പെടുത്തി.

 

കഴിഞ്ഞ ജൂണിൽ സൽമാൻ ഖാന്റെ പിതാവ് സലിം ഖാന് ഒരു കത്ത് ലഭിച്ചിരുന്നു. അതിൽ സലിം ഖാനെയും മകൻ സൽമാൻ ഖാനെയും വധിക്കുമെന്ന് എഴുതിയിരുന്നു. സിദ്ധു മൂസെവാല കേസിലെ മുഖ്യ സൂത്രധാരൻ ലോറൻസ് ബിഷ്‌ണോയിയുടെ നിർദേശപ്രകാരമാണ് സൽമാൻ ഖാന്റെ യാത്രകളും നീക്കങ്ങളും എല്ലാം നിരീക്ഷിക്കാൻ സംഘം മുംബൈയിൽ തങ്ങിയതെന്നും അറസ്റ്റിലായവർ പോലീസിനോട് വെളിപ്പെടുത്തി. സിദ്ധു മൂസെവാല കേസിൽ അറസ്റ്റിലായ കപിൽ പണ്ഡിറ്റാണ് ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ നൽകിയതെന്ന് ഡിജിപി പറഞ്ഞു. സച്ചിൻ ബിഷ്‌ണോയി, സന്തോഷ് യാദവ് എന്നിവർക്കൊപ്പം താനും മുംബൈയിൽ തങ്ങി സൽമാൻ ഖാനെ നിരീക്ഷിച്ചിരുന്നെന്നാണ് കപിൽ പണ്ഡിറ്റ് വെളിപ്പെടുത്തിയത്.

 

പഞ്ചാബ് ഡിജിപി ഗൗരവ് യാദവാണ് സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തശേഷമുള്ള വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്. സിദ്ധു മൂസവാല കേസിൽ ഇത് വരെ 23 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. സൽമാൻ ഖാനെ വധിക്കാനുള്ള പദ്ധതി സമ്പത് നെഹ്‌റയുമായി ചേർന്നാണ് ഇവർ ഉണ്ടാക്കിയതെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് സിദ്ധു മൂസെവാല കേസിലെ പ്രധാനപ്രതികളയ ദീപക് മുണ്ടി, കപിൽ പണ്ഡിറ്റ്, രജീന്ദർ എന്നിവരെ നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന് വേണ്ടി ഗോൾഡി ബ്രാർ എന്നയാൾ മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി നേരത്തെ പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിരുന്നു.

 

 

Share
error: Content is protected !!