ഓഡിഷനിൽ ചെയ്യിക്കുന്നത് കിടപ്പറ രംഗങ്ങൾ, പിന്നാലെ പീഡനവും; ‘അശ്ലീലസംവിധായകൻ്റെ’ തന്ത്രത്തിൽ കുടുങ്ങിയത് 300 യുവതികൾ
ചെന്നൈ: സിനിമയിൽ അഭിനയിക്കാൻ മോഹമുള്ള യുവതികളെ കെണിയിൽ പെടുത്തി നീലചിത്രം നിർമ്മിച്ച സംവിധായകനും സംവിധാന സഹായിയും പിടിയിൽ. മുന്നൂറിൽ അധികം യുവതികളാണ് അതിക്രമത്തിന് ഇരയായത്. ഇവരുടെയെല്ലാം അശ്ലീല വീഡിയോയും ചിത്രങ്ങളും സംവിധായകൻ പകർത്തിയിരുന്നു. സിനിമാ സംവിധായകൻ എന്ന് അവകാശപ്പെടുന്ന സേലം എടപ്പാടി സ്വദേശി വേൽസത്തിരൻ, സഹസംവിധായിക വിരുദനഗർ രാജാപാളയം സ്വദേശി ജയജ്യോതി എന്നിവരാണ് പിടിയിലായത്.
സേലം സൂരമംഗലം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതിക്രമത്തിന് ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൂരമംഗലത്തെ എസ്ബിഐ ഓഫീസേഴ്സ് കോളനിയിലാണ് വേൽസത്തിരന്റെ ‘ഗ്ലോബൽ ക്രിയേഷൻസ്’ എന്ന പേരിലുള്ള സിനിമാ കമ്പനി പ്രവർത്തിച്ചിരുന്നത്. ‘നോ’ എന്ന പേരിൽ താൻ സിനിമ നിർമ്മിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതികളെ ഇയാൾ ഓഡിഷനായി ക്ഷണിച്ചിരുന്നത്.
ഓഡിഷനെത്തുന്ന യുവതികളെക്കൊണ്ട് സംവിധായകനുമായി അടുത്തിടപഴകുന്ന സീനുകളിൽ അഭിനയിപ്പിക്കും. കൂടാതെ അശ്ലീല ദൃശ്യങ്ങളിൽ അഭിനയിക്കാനും ആവശ്യപ്പെടും. ദേശീയ പുരസ്കാരം ലക്ഷ്യമിട്ടുള്ള സിനിമ ആയതിനാൽ അശ്ലീല ദൃശ്യങ്ങളിൽ അഭിനയിക്കേണ്ടിവരുമെന്ന് ഇരകളെ വിശ്വസിപ്പിക്കുകയും പിന്നീട് ഓഡിഷനിടെ ചിത്രീകരിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതികളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്നതായിരുന്നു സംഘത്തിന്റെ രീതി.
ഓഡിഷനെത്തുന്ന യുവതികളെ അശ്ലീല രംഗങ്ങളിൽ അഭിനയിക്കാൻ പഠിപ്പിക്കലായിരുന്നു സഹസംവിധായിക ജയജ്യോതിയുടെ ജോലി. യുവതികളെ അഭിനയിക്കാൻ പ്രേരിപ്പിച്ചതും പിന്നീട് ഭീഷണിപ്പെടുത്തിയതും ജയജ്യോതിയായിരുന്നു. എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദധാരിയാണ് ജയജ്യോതി. സേലത്തെ ലോ കോളേജിൽ നിയമപഠനത്തിനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ജയജ്യോതി നഗരത്തിൽ എത്തുന്നത്. പിന്നീട് വേൽസത്തിരൻ ജയജ്യോതിയെ ഒപ്പം കൂട്ടുകയായിരുന്നു.
സംഭവത്തിൽ ആദ്യം പരാതി നൽകിയ യുവതി സിനിമാ മോഹവുമായി സംഘത്തെ സമീപിച്ചു. എന്നാൽ മുപ്പതിനായിരം രൂപ നൽകിയാൽ അഭിനയിപ്പിക്കാം എന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം. പണം കൊടുക്കാൻ വിസമ്മതിച്ചതോടെ ഓഫീസ് ജോലി വാഗ്ദാനം ചെയ്തു. ജോലിയിൽ പ്രവേശിച്ച യുവതി മൂന്ന് മാസത്തോളം സംഘത്തിനൊപ്പം പ്രവർത്തിച്ചു. ഇതിനിടെ അശ്ലീല രംഗങ്ങളിൽ യുവതിയെക്കൊണ്ട് അഭിനയിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്റേത് അടക്കം മുന്നൂറോളം പേരുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി കണ്ടെത്തുന്നത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
നിലവിൽ സംഘത്തിനെതിരെ 12 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇവരിൽ നിന്നും മൊഴിയെടുത്തു വരികയാണ്. ചൂഷണത്തിനിരയായ സ്ത്രീകൾ മടികൂടാതെ പരാതി നൽകാൻ തയ്യാറാകണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന വാഗ്ദാനവും പോലീസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
വേൽസത്തിരനെയും ജയജ്യോതിയെയും കൂടാതെ മാനേജർമാരെന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ടുപേർക്കെതിരെയും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവർ ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യപ്രതിയായ വേൽസത്തിരനെ ആറ് ദിവസത്തെ കസ്റ്റഡിയിലും ജയജ്യോതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലും വിട്ടു. പ്രതികളിൽ നിന്നും ലാപ്ടോപ്പുകളും ഹാഡ് ഡിസ്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പരമാവധി തെളിവുകൾ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.