എകെജി സെന്‍റർ ആക്രമണത്തിന്‍റെ സൂത്രധാരൻ പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവെന്ന് പൊലീസ്; പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിടട്ടെയന്ന് പ്രതിപക്ഷ നേതാവ്

എകെജി സെന്‍റർ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. പ്രതി വിദേശത്തേക്ക് കടന്നതായി വിവരമുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

കഴക്കൂട്ടം മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.

എകെജി സെന്‍റർ ആക്രമണത്തിന്‍റെ സൂത്രധാരൻ പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണെന്നും പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. ആക്രമണത്തിന് പദ്ധതിയിട്ടതും അതിന് വാഹനമെത്തിച്ചതും ഇയാളാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു.

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എകെജി സെന്‍റര്‍ ആക്രമിക്കപ്പെട്ടിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് ചർച്ചയായിരുന്നു. ജൂൺ 30ന് അർധരാത്രിയോടെയായിരുന്നു തലസ്ഥാനത്ത് എകെജി സെന്‍ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. സ്കൂട്ടറിലെത്തിയ വ്യക്തി സ്ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങൾ അന്ന് തന്നെ പുറത്ത് വന്നെങ്കിലും ഇതാരാണെന്ന് കണ്ടെത്താൻ കേസ് ആദ്യം അന്വേഷിച്ച പോലീസിനോ, പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിരുന്നില്ല.

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രണത്തിൽ വൻ പ്രതിഷേധമായിരുന്നു സംസ്ഥാനമെമ്പാടും ഉയർന്ന് വന്നത്. എന്നാൽ പ്രതികളെ അന്വേഷിച്ചിറങ്ങിയാൽ അന്വേഷണം സിപിഎം പ്രവർത്തകരിലേക്ക് തന്നെ എത്തുമെന്നും അതാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതെന്നുമായിരുന്നു കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെ പ്രതിപക്ഷം ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞെന്ന നിർണായക റിപ്പോർട്ട് പുറത്ത് വരുന്നത്.

അതേസമയം എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതിയുടേയും സൂത്രധാരന്റേയും വിശദാംശങ്ങൾ പൊലീസ് പുറത്തുവിടട്ടെയന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ. കുറ്റം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമമെന്നും സതീശൻ ആരോപിച്ചു.

ആരായാലെന്ത്. എന്തായാലും പ്രതിപക്ഷവുമായൊരു ബന്ധവുമുള്ള ആളല്ല. ഇത്രയും ദിവസമായിട്ട് ആളെ കിട്ടാത്തതിനാല്‍ ഇനി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാവും. അവർ വിശദാംശങ്ങള്‍ പറയട്ടെ. എന്നിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!