പൗരത്വഭേദഗതി നിയമം വീണ്ടും ചൂടുപിടിക്കുന്നു; പൗരത്വഭേദഗതി നിയമത്തിനെതിരായ ഇരുന്നൂറിലധികം ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും
പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ഉൾപ്പടെ ഫയൽ ചെയ്ത ഇരുന്നൂറിൽ അധികം റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കലിന് ലിസ്റ്റ് ചെയ്തത്.
റിട്ട് ഹർജികളിൽ 2019 ഡിസംബറിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹർജികളിൽ പിന്നീട് വാദം കേൾക്കൽ നടന്നിരുന്നില്ല. കേന്ദ്ര സർക്കാർ ശക്തമായി എതിർത്തതിനെത്തുടർന്ന് നിയമം സ്റ്റേ ചെയ്തില്ല. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഹർജികൾ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ സ്യൂട്ട് ലിസ്റ്റ് ചെയ്തിട്ടില്ല
പൗരത്വ ഭേദഗതി നിയമം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരും സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. തുല്യത, സ്വാതന്ത്ര്യം, മതേതരത്വം എന്നിവ ഉറപ്പു നൽകുന്ന 14, 21, 25 എന്നീ ഭരണഘടന വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നിയമഭേദഗതിയെന്ന് കേരള സർക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ സംസ്ഥാന സർക്കാർ നൽകിയ സ്യൂട്ട് ഹർജി തിങ്കളാഴ്ച പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 2020 ജനുവരിയിൽ ആണ് സംസ്ഥാന സർക്കാർ സ്യൂട്ട് ഫയൽ ചെയ്തിരുന്നത്. ഈ സ്യൂട്ടിനെ സംബന്ധിച്ച വാദം എഴുതി നൽകാൻ ജസ്റ്റിസ് സൂര്യകാന്ത് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. മറ്റ് ഹർജികളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കൽ നടത്തുകയാണെങ്കിൽ തങ്ങളുടെ സ്യൂട്ടിലും വാദം കേൾക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടേക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക