പഴയ ദോഹ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തിച്ചു തുടങ്ങി; സർവീസുകൾ പലതും പഴയ വിമാനത്താവളത്തിൽ നിന്ന്
ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി നവീകരിച്ച പഴയ ദോഹ രാജ്യാന്തര വിമാനത്താവളം (DIA) ഇന്നലെ വീണ്ടും പ്രവർത്തനം തുടങ്ങി. ഷട്ടിൽ വിമാന സർവീസുകളുടെ പ്രവർത്തനം സുഗമമാക്കാനാണിത്.
ലുസൈൽ സൂപ്പർ കപ്പിനുള്ള ഖത്തർ എയർവേയ്‌സിന്റെ ഷട്ടിൽ സർവീസുകൾ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) നിന്നായിരിക്കുമെന്നും ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (HIA) നിന്നായിരിക്കില്ലെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു.
ഈജിപ്തിലെ കെയ്‌റോയിൽ നിന്ന് ദോഹയിലേയ്ക്കും തിരിച്ചുമുള്ള ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങൾ ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ (DIA) നിന്നാണ് സർവീസ് നടത്തുക.
ജസീറ എയർവേയ്‌സ്, എയർ അറേബ്യ, ഫ്‌ളൈ ദുബായ് എന്നിവയുടെ ദോഹ വിമാനങ്ങൾ ഈ മാസം 15 മുതൽ ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് (DIA) എത്തുകയെന്ന് എയർലൈനുകളുടെ ബുക്കിങ് സൈറ്റിൽ കാണിക്കുന്നു. ലോകകപ്പ് സമയത്ത് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ (ജിസിസി) നിന്ന് മാച്ച് ഷട്ടിൽ വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളിലെ എയർലൈൻ കമ്പനികളുമായി ചേർന്നാണിത്.
ലോകകപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ സെപ്റ്റംബർ 15 മുതൽ ഞങ്ങളുടെ എല്ലാ ദോഹ സർവീസുകളും ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന് (ഡിഒഎച്ച്) പകരം ദോഹ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (ഡിഐഎ) താൽക്കാലികമായി മാറ്റുമെന്ന് ജസീറ എയർവേയ്‌സ് സമൂഹമാധ്യമ അക്കൗണ്ടിൽ അറിയിച്ചു.
അതേസമയം,ലോകകപ്പ് വേളയിൽ എല്ലാ ബജറ്റ് എയർലൈൻ സർവീസുകളും ദോഹ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (ഡിഐഎ) മാറ്റുമെന്നാണ് സൂചന.