സൗദിയിൽ ഇനി മുതൽ എല്ലാ വിദേശികൾക്കും ഇഖാമ-ലെവി കുടിശ്ശിക അടക്കാതെ സ്‌പോൺസർഷിപ്പ് മാറാം – മന്ത്രാലയം

സൌദിയിൽ ഇഖാമ പുതുക്കി നൽകാത്ത തൊഴിലുടമയിൽ നിന്ന് വിദേശ തൊഴിലാളികൾക്ക് സ്പോണ്സർഷിപ്പ് മാറുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

പഴയ തൊഴിലുടമയിൽ നിന്ന് പുതിയ പുതിയ തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറുമ്പോൾ ലെവി ഉൾപ്പെടെയുളള കുടിശ്ശിക ഇനി മുതൽ പുതിയ തൊഴിലുടമ വഹിക്കേണ്ടതില്ല. പുതിയ തൊഴിലുടമയിലേക്ക് മാറുന്നത് മുതൽ ഉള്ള ലെവിയും മറ്റു ഫീസുകളുമാണ് പുതിയ തൊഴിലുടമയുടെ അക്കൌണ്ടിൽ രേഖപ്പെടുത്തുകയുള്ളൂ.

ഈ നിയമം നേരത്തെ നിലവിലുണ്ടായിരുന്നുവെങ്കിലും, അത് വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മാത്രമായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന്  മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഇതനുസരിച്ച് വർഷങ്ങളായി വൻ തുക ലെവി അടക്കാതെ പ്രയാസത്തിലായ മുഴുവൻ വിദേശികൾക്കും പുതിയ തൊഴിലുടമയിലേക്ക് മാറി സുരക്ഷിതരാകാനും നാട്ടിലേക്ക് പോകാനും തിരിച്ച് വരാനും സാധിക്കും. പഴയ ലെവി കുടിശ്ശിക മുഴുവനും പഴയ തൊഴിലുടമയുടെ പേരിൽ തന്നെ മാറ്റമില്ലാതെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ്പ് എടുക്കാന്‍ തയ്യാറാണെന്ന അപേക്ഷ അയക്കുന്നതോടെ തൊഴിലാളിക്ക് തൊഴില്‍മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് പുതിയ ഒപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. പഴയ തൊഴിലുടമ അടക്കാത്ത ഇഖാമ ഫീസ് അദ്ദേഹത്തിന്റെ മേല്‍ തന്നെ നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് മാറ്റം എന്ന ഒപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്.

പ്രവാസി തൊഴിലാളികൾക്കുള്ള തൊഴിൽ പരിവർത്തന സംവിധാനം ഭേദഗതി ചെയ്യുന്നതിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്. തൊഴിലാളികളുടെ യാത്ര മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾക്കിടയിൽ തൊഴിൽ കൈമാറ്റ നടപടിക്രമങ്ങളുടെ വഴക്കം ഉയർത്തുന്നതിനും ആകർഷകമായ തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനും ഈ സംവിധാനം സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

മന്ത്രാലയത്തിന്റെ നയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന്റെ വിപുലീകരണമായാണ് രണ്ടാം ഘട്ടം വരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. പുതിയ മാറ്റത്തിലൂടെ തൊഴിൽ വിപണിയും  അതിന്റെ കാര്യക്ഷമതയും തൊഴിൽ അവകാശങ്ങളുടെ നിലവാരവും ഉയർത്തുകയും ചെയ്യും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!