കുഞ്ഞിനെ കാറിലിരുത്തി ഷോപ്പിങിന് പോയ അമ്മ തിരികെ വന്നപ്പോള്‍ കാര്‍ തുറക്കാനാവുന്നില്ല; രക്ഷകരായി പൊലീസ്

യുഎഇയില്‍ രണ്ട് വയസുകാരനെ കാറിന്റെ സീറ്റിലിരുത്തി പുറത്തിറങ്ങിയ അമ്മ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തിരികെ വന്നപ്പോള്‍ കാര്‍ തുറക്കാനായില്ല. പരിഭ്രാന്തയായ അമ്മ ഒടുവില്‍ പൊലീസ് സഹായം തേടി. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനായിരുന്നു കുഞ്ഞിനെ കാറില്‍ തന്നെ ഇരുത്തി അമ്മ പുറത്തുപോയത്.

കാറിനുള്ളില്‍ ചൈന്‍ഡ് സീറ്റിലായിരുന്നു കുട്ടിയെ ഇരുത്തിയിരുന്നത്. താക്കോല്‍ വാഹനത്തിനുള്ളില്‍ വെച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഡോര്‍ ലോക്ക് ആവുകയായിരുന്നുവെന്നാണ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചത്. കാറിനുള്ളില്‍ കുട്ടി മാത്രമായിരുന്നു. ഷോപ്പിങിന് ശേഷം അമ്മ തിരികെ വന്നപ്പോള്‍ കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിച്ചില്ല. താക്കോല്‍ വാഹനത്തിനുള്ളിലുമായിരുന്നു. എങ്ങനെയാണ് വാഹനം ലോക്ക് ആയതെന്ന് അറിയില്ലെന്ന് അമ്മ പറഞ്ഞതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കാര്‍ തുറക്കാനാവാതെ വന്നതോടെ കുട്ടി അപകടത്തിലാണെന്ന് അമ്മ മനസിലാക്കി. പരിഭ്രാന്തരായ ഇവര്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസിലെ സാങ്കേതിക വിദഗ്ധന്‍ ഉടന്‍ തന്നെ ഡോര്‍ തുറന്ന് കുട്ടിയെ പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായിരുന്നു. രക്ഷപ്പെടുത്താന്‍ വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ സ്ഥിതി മോശമാകുമായിരുന്നുവെന്നും കാറിനുള്ളില്‍ കുട്ടി അകപ്പെട്ട് പോയിരുന്നെങ്കില്‍ ശ്വാസതടസം നേരിട്ട് ഒരുപക്ഷേ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചിരുത്തി പുറത്തു പോകുന്ന പ്രവണത അപകടകരമാണെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും കടകള്‍ക്കും സമീപം വാഹനങ്ങള്‍ നിര്‍ത്തി കുട്ടികളെ വാഹനങ്ങള്‍ക്കകത്ത് ഒറ്റക്കിരുത്തി പുറത്തുപോകുന്നത് ശ്രദ്ധക്കുറവായി കണക്കാക്കും. കുട്ടികളുടെ മരണം ഉള്‍പ്പെടെ ഗുരുതരമായി ഭവിഷ്യത്തുകള്‍ക്ക് ഇത് വഴിവെയ്ക്കുകയും ചെയ്യും.

വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങുമ്പോഴും ഷോപ്പിങിന് പോകുമ്പോഴും വീടുകളിലെത്തി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഡോറുകള്‍ ലോക്ക് ചെയ്യുന്നതിന് മുമ്പ് കുട്ടികള്‍ പുറത്തിറങ്ങിയെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കുട്ടികളെ ശ്രദ്ധിക്കാതെ വാഹനങ്ങളില്‍ ഇരുത്തുന്നത് യുഎഇയില്‍ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 5000 ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!