ബന്ധുനിയമനം ബിജെപിയിലും; കെ.സുരേന്ദ്രന്റെ മകന് പിന്‍വാതില്‍ നിയമനം
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന് കെ.എസ്.ഹരികൃഷ്ണനു കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനത്തില്‍ ബന്ധുനിയമനം നല്‍കിയതായി ആരോപണം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ടെക്നിക്കല്‍ ഓഫീസര്‍ എന്ന തസ്തികയിലാണ് നിയമനം.
മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളിലുള്ളവരെ പരിഗണിച്ചിരുന്ന സ്ഥാനത്തു ബിടെക് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചു ജോലി നല്‍കിയെന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്നിക്കൽ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്.
ആദ്യ ഘട്ടത്തില്‍ 48 വിദ്യാര്‍ഥികള്‍ക്ക് എഴുത്തുപരീക്ഷ നടന്നു. ഇവരില്‍നിന്നു തെരഞ്ഞെടുത്ത നാലു പേര്‍ക്കു ലാബ് എക്സാമും നടന്നു. ഇതിനു പിന്നാലെയാണ് ഹരികൃഷ്ണനു നിയമനം ലഭിച്ചത്.
എന്നാല്‍, റാങ്ക് പട്ടിക സംബന്ധിച്ചോ തുടര്‍നടപടികളെക്കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ഥികള്‍ക്ക് ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഇതേക്കുറിച്ചു ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ സ്ഥാപനം തയാറായിട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നിയമനം നടന്നത്. അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുക. നിലവില്‍ വിദഗ്ധ പരിശീലനത്തിനു ഹരികൃഷ്ണനെ ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം.