മൂന്ന് വയസ്സുകാരിയെ ‘ഡിജിറ്റൽ ബലാത്സംഗം’ ചെയ്ത കുറ്റത്തിന് 75കാരന് ജീവപര്യന്തം; ഗുരുതര കുറ്റമായത് നിർഭയ കേസിനുശേഷം

ഡിജിറ്റൽ റേപ്പ് കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ എഴുപത്തഞ്ചുകാരന് കോടതി ജീവപര്യന്തം തടവും, 50,000 രൂപ പിഴയടക്കാനും വിധിച്ചു. നോയിഡയിൽ 2019-ൽ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 3 വയസുകാരിയായ മകളെ ഡിജിറ്റൽ ബലാത്സംഗം ചെയ്തതെന്ന പിതാവിന്റെ പരാതിയിലാണ് ബംഗാളിലെ മാൾഡ സ്വദേശിയായ അക്ബർ ആലം എന്നയാളെ സുരാജ്പുർ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസിനു പിന്നാലെയാണ് ‘ഡിജിറ്റൽ റേപ്പ്’ ഇന്ത്യയിൽ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടത്. അതിനു മുൻപ് ഡിജിറ്റൽ റേപ്പിന് ഇരയാകുന്നവർക്ക് നീതി ഉറപ്പാക്കാൻ സഹായിക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തിലും പ്രത്യേക വകുപ്പായി ഇത് ചേർക്കപ്പെട്ടു.

ഡിജിറ്റലായോ വെർച്വലായോ ചെയ്യുന്ന ലൈംഗിക കുറ്റകൃത്യമായി ഡിജിറ്റൽ റേപ്പിനെ തെറ്റിദ്ധരിക്കാൻ ഇടയുണ്ടെങ്കിലും, ഇത് അത്തരം കുറ്റമല്ല. സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും പെൺകുട്ടിയുടെ സമ്മതം കൂടാതെ കൈവിരലോ കാൽവിരലോ സ്വകാര്യ ഭാഗത്തു കടത്തുന്നതാണ് ഡിജിറ്റൽ ബലാത്സംഗത്തിൻ്റെ പരിധിയിൽ വരിക. ‘ഡിജിറ്റ്’ എന്ന ഇംഗ്ലിഷ് വാക്കിൽ നിന്നാണ് ‘ഡിജിറ്റൽ റേപ്പ്’ എന്ന വാക്കിന്റെ പിറവി. ഡിജിറ്റിന് വിരലുകൾ എന്നു കൂടി അർഥമുള്ള സാഹചര്യത്തിലാണ് ഈ പ്രയോഗം അർഥവത്താകുന്നത്.

2012 വരെ ഇത്തരം പ്രവൃത്തികൾ ബലാത്സംഗത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം വെറും ലൈംഗികാതിക്രമം മാത്രമായിട്ടാണ് കണ്ടിരുന്നത്. എന്നാൽ, നിർഭയ സംഭവത്തിലെ ക്രൂരത പുറത്തു വന്നതോടെയാണ് ഇതിനെ അതീവ ഗൗരവമുള്ള കുറ്റകൃത്യമായി കണക്കാക്കി ഇന്ത്യയിൽ നിയമം രൂപീകരിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

2019ലാണ് കേസിന് ആസ്പദമായ സംഭവം. പുറത്തു കളിക്കുകയായിരുന്ന മകളെ മിഠായി നൽകാമെന്നു പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയ അക്ബർ, ഡിജിറ്റൽ റേപ്പിന് ഇരയാക്കിയെന്നായിരുന്നു പിതാവിന്റെ പരാതി. കരഞ്ഞുകൊണ്ട് വീട്ടിൽ തിരിച്ചെത്തിയ മകൾ തനിക്കുണ്ടായ അനുഭവം അമ്മയോടു വിവരിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് 2019 ജനുവരി 21നാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയത്.

എന്നാൽ മെഡിക്കൽ പരിശോധന നടത്തിയ ഡോക്ടർ പുഷ്പലത തന്റെ റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്, “കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുകളൊന്നും ഇല്ല… എന്റെ മെഡിക്കൽ റിപ്പോർട്ടിൽ ഏതെങ്കിലും ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കാൻ ആകില്ല. കൂടാതെ കുട്ടിയുടെ ആന്തരിക പരിശോധനയിൽ എല്ലാം സാധാരണപോലെയാണെന്നും കണ്ടെത്തി,” ഡോക്ടർ പറഞ്ഞു.

സംഭവത്തിന് രണ്ട് ദിവസം മുമ്പ് പ്രതിയായ അക്ബറിന്റെ വീട്ടുകാർ മാംസം പാകം ചെയ്ത് അസ്ഥികൾ അയൽപക്കത്ത് വലിച്ചെറിഞ്ഞെന്നും ഇത് പെൺകുട്ടിയുടെ വീട്ടുകാരുമായി വഴക്കുണ്ടാക്കാൻ കാരണമായിരുന്നുവെന്നും, അതിൻ്റെ പേരിൽ എൻ്റെ മുത്തച്ഛനെതിരെ കള്ളക്കേസെടുത്തതാണെന്നും പ്രതിയായ അക്ബറിന്റെ ചെറുമകൾ പറഞ്ഞു.

എന്നാൽ പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി മുഖവിലക്കെടുത്തുകൊണ്ട് കോടതി പോക്‌സോ നിയമപ്രകാരം അക്ബറിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. “സിആർപിസി സെക്ഷൻ 357-എ പ്രകാരം പെൺകുട്ടിക്ക് പിഴതുകയുടെ 80% നൽകണമെന്നും കോടതി ഉത്തരവിട്ടു.

അതേ സമയം വിധിയിൽ തൃപ്തനല്ലെന്നും, മെഡിക്കൽ റിപ്പോർട്ടിൽ ബലാത്സംഗമോ ആക്രമണമോ നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും, കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും, പ്രതിയായ അക്ബറിൻ്റെ അഭിഭാഷകൻ ഇർഷാദ് അലി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!