കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
തിരുവനന്തപുരം: കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്.
മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. 2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനൽകുമാര്‍ എൻറോൾ ചെയ്തത്.
1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു. വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ് ജഡ്ജ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


