ഡ്രോണ്‍ ആക്രമണം: ബഹ്‌റൈനില്‍ യുവതി കൊല്ലപ്പെട്ടു, യുഎഇ കോണ്‍സുലേറ്റിന് നേരെയും ആക്രമണം
മനാമ: മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലയില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 29 വയസ്സുകാരിയായ സ്വദേശി യുവതി കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റതായും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലുള്ള യുഎഇ കോണ്‍സുലേറ്റിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നു.
മനാമയിലെ സീഫിലെ വന്‍കിട റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട് കെട്ടിടത്തിന് നേരെ തിങ്കള്‍ അര്‍ധരാത്രി 12.30 ഓടെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തിന് മുന്‍പ് യാതൊരു മുന്നറിയിപ്പും ലഭിച്ചില്ലെന്നും വലിയ ശബ്ദത്തോടെ കെട്ടിടത്തിന്റെ മധ്യത്തിലായി ഡ്രോണ്‍ പതിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രത്യേകം ഗ്ലാസിനാല്‍ ആവരണം ചെയ്ത കെട്ടിടമാണിത്.
പത്ത് ദിവസം പിന്നിടുന്ന ഇറാന്‍ ആക്രമണങ്ങളില്‍ ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണമാണിത്. ഇതിനോടകം 105 ബാലിസ്റ്റിക് മിസൈലുകളും 176 ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.
കോണ്‍സുലേറ്റിന് നേരെ നടന്ന ആക്രമണം യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല. നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ അപലപിച്ചു. തങ്ങളുടെ മണ്ണ് ഇറാന് എതിരെയുള്ള ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ ആവര്‍ത്തിച്ചു.
അതിനിടെ യുഎഇ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ 9 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും നേരിട്ടു. ഇതില്‍ എട്ട് മിസൈലുകളും 26 ഡ്രോണുകളും തകര്‍ത്തു. ഒന്‍പത് ഡ്രോണുകള്‍ യുഎഇ അതിര്‍ത്തിക്കുള്ളില്‍ പതിച്ചു. അബുദാബിയിലെയും ദുബായിലെയും വിവിധ ഭാഗങ്ങളില്‍ വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
അബുദാബിയിലെ റുവൈസ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിലെ ഓയില്‍ റിഫൈനറിയില്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തീപിടിത്തമുണ്ടായി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി റിഫൈനറി താല്‍ക്കാലികമായി അടച്ചു. പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സൗദിയിലെ അല്‍ഖര്‍ജ് മേഖല ലക്ഷ്യമാക്കി വന്ന 14 ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അല്‍സുല്‍ഫി മേഖലയില്‍ തകര്‍ന്നുവീണ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ദോഹയില്‍ പലയിടത്തും വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടു. ഖത്തറിലെ പാശ്ചാത്തല സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാന്‍ തുടരുകയാണെന്ന് ഖത്തര്‍ വ്യക്തമാക്കി. ആക്രമണങ്ങള്‍ക്ക് ഇറാന്‍ പറയുന്ന ന്യായീകരണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു. ആക്രമണങ്ങളെത്തുടര്‍ന്ന് ഖത്തറിലെ ഗ്യാസ് ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ആഗോള വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.
കുവൈറ്റിന്റെ വടക്കന്‍, തെക്കന്‍ മേഖലകളിലെ തന്ത്രപ്രധാനമായ ഇടങ്ങള്‍ ലക്ഷ്യമാക്കി വന്ന 6 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും തകര്‍ത്തു. ഫെബ്രുവരി 28 മുതല്‍ ഇതുവരെ കുവൈറ്റില്‍ ആകെ 12 പേര്‍ കൊല്ലപ്പെട്ടു. ആറ് അമേരിക്കന്‍ സൈനികരും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും 11 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഇറാന്‍ അംബാസഡറെ ചൊവ്വാഴ്ച വീണ്ടും വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. തങ്ങളുടെ മണ്ണോ വ്യോമപാതയോ ഇറാന് എതിരെയുള്ള നീക്കങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും എന്നിട്ടും കുവൈറ്റിനെ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ടെലിവിഷന്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.
സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. ഗള്‍ഫിലെ പ്രമുഖ വിമാന സര്‍വീസുകളായ ഖത്തര്‍ എയര്‍വേയ്‌സ്, എത്തിഹാദ്, എമിറേറ്റ്‌സ് എന്നിവ പരിമിതമായ തോതില്‍ സര്‍വീസ് പുനരാരംഭിച്ചു.
വ്യോമപാത അടച്ചതിനാല്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.


