‘മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും’; യുഎഇ അംബാസഡര്‍
ഇസ്രയേല്‍ ഇറാന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കോള്‍ മതിയെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ സ്ഥാനപതി ഹുസൈന് ഹസ്സന് മിര്‍സ. പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് സംസാരിക്കവേയാണ് ഹുസൈന് മിര്‍സ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
ഇസ്രയേല്‍ ഇറാന് മേധാവികളുമായി നരേന്ദ്രമോദിക്കുള്ള വ്യക്തിപരമായ ബന്ധം തുറന്നുപറയുകയായിരുന്നു ഹസ്സന് മിര്‍സ. ഈ ബന്ധമുപയോഗിച്ച് സമാധാന ശ്രമങ്ങള്‍ക്ക് തുടക്കമിടാമെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര നിലപാടും മോദിയുടെ ഇടപെടലും പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകനേതാക്കൾക്കിടയിലുള്ള മോദിയുടെ സ്വാധീനവും ബന്ധവും ഇത്തരം വിഷയങ്ങളില്‍ നിർണായകമാണെന്നും യുഎഇ അംബാസഡര്‍ പറയുന്നു.
‘ഇന്ത്യ മഹത്തായ രാജ്യമാണ്, ഇന്ത്യയുടെ പ്രൊഫൈല്‍ അത്രയും മികച്ചതാണ്, ഒരൊറ്റ ഫോണ്‍ കോളിലൂടെ മാത്രം വലിയ മാറ്റം കൊണ്ടുവരാനാകും, ഒറ്റ കോള്‍ മതി, മോദിയൊന്ന് ഇസ്രയേലിലേക്കും ഇറാനിലേക്കും വിളിച്ചാല്‍ അവിടെ തീരും യുദ്ധം’– ഹസ്സന് മിര്‍സ പറയുന്നു. സമീപകാലത്തുനടന്ന മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനവും ഇറാനുമായുള്ള സൗഹൃദവും അദ്ദേഹം ചൂണ്ടിക്കാട്ടി.‘ 10 ദിവസങ്ങള്‍ക്ക് മുന്‍പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്, ഏറ്റവും കൂടുതല്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്ന രാജ്യം കൂടിയാണ് ഇന്ത്യ, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഒറ്റകോളിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും’– മിര്‍സ തുടരുന്നു.
ഇന്ത്യയുടെ വികസനത്തില്‍ പതിറ്റാണ്ടുകളായി മികച്ച പങ്കാളിയാണ് യുഎഇയെന്നും അവിടെ ഇന്ത്യന്‍ ജനതയുടെ വലിയൊരു ഭാഗം ജനതയാണ് താമസിക്കുന്നെതെന്നും മിര്‍സ ഓര്‍മിപ്പിക്കുന്നു. യുഎഇയിലുള്ള ഇന്ത്യന്‍ ജനതയുടെ രക്ഷയ്ക്കായി നേതൃത്വം ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 35 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിലുള്ളതെന്നും അഭിമുഖത്തില്‍ മിര്‍സ പറയുന്നു.
അതേസമയം തന്നെ ഇറാനെതിരായി യുഎഇയുെട മണ്ണില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ ഒരു സംഘത്തെയും അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാനാവുമെന്നും യുഎഇ സ്ഥാനപതി ആവര്‍ത്തിക്കുന്നു. സമാന നിലപാടാണ് കുവൈത്തിനും ഖത്തറിനുമുള്ളതെന്നും മിര്‍സ. പശ്ചിമേഷ്യന്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടന്ന വേളയിലും ഇറാന്റെ ഭാഗത്തുനിന്നും യുഎഇ ആക്രമണം നേരിടുകയാണ്. ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ പലതും യുഎഇ തടഞ്ഞെന്നും ഹുസൈന് ഹസ്സന് മിര്‍സ പറയുന്നു.


