അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം
ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വർഷം ജൂലൈയിലും ആപ്പുകളും വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.
ഐടി ചട്ടങ്ങൾ അനുസരിച്ച് ഇത്തരം പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ സർക്കാരിന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകാം. ഐടി ആക്ടിന്റെ സെക്‌ഷൻ 69എ പ്രകാരം ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്രത്തിന് അധികാരമുണ്ട്. കഴിഞ്ഞവർഷം 25 ആപ്പുകൾക്കെതിരെയാണ് നടപടി എടുത്തത്.


