യുവതിയെ സുഹൃത്തിന് മുന്നിൽവച്ച് ഏഴം​ഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; ശേഷം പണം തട്ടിയെടുത്തു

ഗുവാഹത്തി: അസമിലെ സിൽച്ചാറിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 28 വയസ്സുകാരിയെ ഏഴുപേർ ചേർന്ന് കത്തിമുനയിൽ നിർത്തി കൂട്ടബലാത്സംഗം ചെയ്തു. പീഡനത്തിന് ശേഷം യുവതിയുടെ കൈയ്യിൽ നിന്ന് പണവും തട്ടിയെടുത്തു. യുവതിയുടെ അക്കൗണ്ടിൽ നിന്നും പതിനായിരം രൂപ പ്രതികൾ നിർബന്ധിതമായി കൈമാറ്റം ചെയ്യിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 19നാണ് സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

സിൽച്ചാർ ടൗണിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയുള്ള ബൈപ്പാസ് റോഡിൽ സുഹൃത്തിനൊപ്പം കാറിലിരിക്കുകയായിരുന്നു യുവതി. ഈ സമയം മഹീന്ദ്ര ഥാറിൽ എത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ സുഹൃത്തിനെ പിടിച്ചുവെച്ച ശേഷം ഏഴുപേർ ചേർന്ന് ഇയാളുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് പ്രതികളിലൊരാളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ച ശേഷമാണ് സംഘം മടങ്ങിയത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിൽച്ചാർ സദർ പൊലീസ് കേസെടുത്തു. പ്രതികളിൽ രണ്ടുപേരെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. സിൽച്ചാർ ആശ്രമം റോഡ് സ്വദേശികളായ നീലോത്പൽ ദാസ് (25), സുബോൽ ദാസ് (27) എന്നിവരെ അറസ്റ്റ് ചെയ്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

സംഭവം പുറത്തറിഞ്ഞതോടെ അസമിൽ വലിയ ജനരോഷമാണ് ഉയരുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ പരാജയമാണിതെന്ന് പ്രതിപക്ഷം പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പൗരന്മാർ സുരക്ഷിതരല്ലെന്നും അവർ കുറ്റപ്പെടുത്തി.

വാർത്ത റിപ്പോർട്ട് ചെയ്ത സിൽച്ചാറിലെ മാധ്യമപ്രവർത്തകൻ സുരജിത് ചക്രവർത്തിക്ക് നേരെ പ്രതിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി. പ്രാദേശിക വ്യവസായിയായ അരബിന്ദ ദാസ് തന്നെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി മാധ്യമപ്രവർത്തകൻ പരാതി നൽകി. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Share
error: Content is protected !!