‘കാന്തപുരം ഇടപെട്ടത് തെറ്റു ക്ഷമിക്കുക എന്ന കാര്യത്തിൽ; നിമിഷ പ്രിയയുടെ മോചനത്തിനു വേണ്ടത് നയതന്ത്ര ഇടപെടല്’
ദുബായ്: ലോകത്തെ മറ്റു രാജ്യങ്ങളെക്കാൾ ഇന്ത്യയിൽ മുസ്ലിംകൾ സുരക്ഷിതരാണെന്ന് സമസ്ത എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കർ മുസല്യാരുടെ മകനുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കിം. സുരക്ഷിതമായ ഭരണഘടനയും നിയമസംവിധാനവുമുള്ള രാജ്യത്താണ് മുസ്ലിംകൾ ജീവിക്കുന്നത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് എവിടെയെങ്കിലും പ്രശ്നം ഉണ്ടാകാം.
അത് ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും പരിഹാരം കാണുകയും ചെയ്യുന്നുണ്ട്. മതപണ്ഡിതന്മാർ സമൂഹത്തെ ഭയപ്പെടുത്തിയും നിരാശയിലാക്കിയുമല്ല മുന്നോട്ടു പോകേണ്ടത്. ജനങ്ങൾക്കു പ്രതീക്ഷ നൽകി അവരെ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ഐക്യത്തിന്റെ ഭാഗമായ ചർച്ചകൾ തുടരും. സുന്നികൾ മാനസിക ഐക്യം നേരത്തെ കൈവരിച്ചിട്ടുണ്ട്. സുന്നി ഐക്യത്തിനു രാഷ്ട്രീയ മാനമില്ല. ആദർശപരമായ കാര്യമാണ്. തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. സുന്നി ഐക്യം മുസ്ലിം ഐക്യമല്ല. വേറെയും മുസ്ലിം സംഘടനകൾ ഉണ്ടല്ലോ. സുന്നത്ത് ജമാ അത്തിന്റെ ആശയങ്ങളിൽ നിൽക്കുന്നവർ ഒന്നിക്കുന്നു എന്നേയുള്ളു. സമസ്ത തിരഞ്ഞെടുപ്പിൽ നിലപാട് മുൻകൂട്ടി പറയാറില്ലെന്നും മുഹമ്മദ് പറഞ്ഞു.
നിമിഷ പ്രിയയുടെ കാര്യത്തിൽ ഇനിയും ഇടപെടാം എന്ന് കാന്തപുരം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇനി സർക്കാരിന്റെ ചുമതലയിൽ വരുന്ന കാര്യങ്ങളാണ് പൂർത്തിയാക്കാനുള്ളത്. തെറ്റു ക്ഷമിക്കുക എന്ന കാര്യത്തിലാണ് കാന്തപുരം ഇടപെട്ടത്. അതിൽ വിജയിക്കുകയും ചെയ്തു. മോചനം നയതന്ത്ര ഇടപെടലിൽ പൂർത്തിയാക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


