റമസാൻ പിറ ദൃശ്യമായില്ല ; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാർ അറിയിച്ചു. ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലേക്ക് പ്രവേശിക്കുന്നത്.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ വർഷിക്കുന്ന മാസമാണ് റമസാൻ. ഖുർആൻ അവതരിച്ച മാസം. നന്മകൾക്ക് പതിൻമടങ്ങ് പ്രതിഫലം ലഭിക്കുന്ന ഈ ദിനരാത്രങ്ങളിൽ പ്രാർത്ഥനകൾക്കും ദാനധർമ്മങ്ങൾക്കും വിശ്വാസികൾ കൂടുതൽ പ്രാധാന്യം നൽകുന്നു. സമാധാനത്തിന്റെയും സഹനത്തിന്റെയും ഈ മുപ്പത് ദിനങ്ങൾ ആത്മവിശുദ്ധീകരണത്തിനുള്ള അവസരമായാണ് ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ കാണുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്ത പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച ഒന്നാം നോമ്പായി ഖാസിമാർ പ്രഖ്യാപിച്ചത്. ഇതോടെ നാളെ (ബുധൻ) ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച വിശ്വാസികൾ വ്രതാനുഷ്ഠാനത്തിലേക്ക് കടക്കും.

Share
error: Content is protected !!