ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ നാലു വർഷത്തിനകം; 2,117 കിലോമീറ്റർ നീളമുള്ള റെയിൽ ശൃംഖല
അബുദാബി/ റിയാദ്: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ നാലു വർഷത്തിനകം (2030) ട്രാക്കിലേക്ക്. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ ആറു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 2,117 കിലോമീറ്റർ നീളമുള്ള റെയിൽ ശൃംഖലയാണിത്. ഓരോ രാജ്യങ്ങളിലും ദ്രുതഗതിയിൽ പുരോഗമിക്കുന്ന റെയിൽ ശൃംഖലകൾ പരസ്പരം ബന്ധിപ്പിച്ചാണ് ജിസിസി റെയിൽ യാഥാർഥ്യമാക്കുക.
ഇത്തിഹാദ് റെയിൽ വേയുടെ നിർമാണം യുഎഇ ഇതിനോടകം പൂർത്തിയാക്കി പാസഞ്ചർ സർവീസിന് ഒരുങ്ങിക്കഴിഞ്ഞു.യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ നിർമാണം വർഷത്തോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. സൗദി അറേബ്യയും ഒമാനുമായുള്ള റെയിൽ ബന്ധം സ്ഥാപിക്കാനുള്ള നടപടികൾക്കും വേഗം കൂട്ടി.
∙വൈകുന്നത്
ഓരോ രാജ്യത്തെയും ട്രാക്കുകളുടെ നിർമാണം, സാങ്കേതിക ഏകോപനം, കസ്റ്റംസ് പരിശോധനകൾ എന്നിവയാണ് 2030ലേക്കു പദ്ധതി നീണ്ടുപോകാനുള്ള പ്രധാന കാരണങ്ങൾ.
∙നേട്ടമേറെ, ലാഭവും
ജിസിസി റെയിൽ യാഥാർഥ്യമായാൽ കുറഞ്ഞ ചെലവിലും സമയത്തിലും യാത്രയും ചരക്കുനീക്കവും സാധ്യമാകും. അബുദാബിയിൽനിന്ന് ട്രെയിനിൽ കയറിയാൽ അഞ്ചു മണിക്കൂറിനകം റിയാദിലെത്താം. ചരക്കുനീക്കവും എളുപ്പമാകും.
∙60 ലക്ഷം യാത്രക്കാർ
2030ൽ 60 ലക്ഷം പേർ യാത്ര ചെയ്യുമെന്ന് കണക്കാക്കുന്ന ജിസിസി റെയിലിൽ 2045ഓടെ യാത്രക്കാരുടെ എണ്ണം 80 ലക്ഷമായി ഉയരും. ചരക്കുനീക്കം 20.1 കോടി ടണ്ണിൽനിന്ന് 27.1 കോടി ടണ്ണായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
∙നേട്ടങ്ങൾ
തൊഴിലവസരവും വ്യാപാരവും ടൂറിസവും വർധിക്കും. റോഡപകടവും മരണ നിരക്കും കുറയും.
യാത്രയ്ക്കും ചരക്കുനീക്കത്തിനുമുള്ള ചെലവ് കുറയും.
റോഡിൽ സ്വകാര്യവാഹനങ്ങൾ കുറയുന്നതോടെ പരിസ്ഥിതി മലിനീകരണവും ഗണ്യമായി കുറയും.
∙ജിസിസി റൂട്ട്
കുവൈത്തിൽനിന്ന് ആരംഭിക്കുന്ന ജിസിസി റെയിൽ ദമാമിലേക്കു പ്രവേശിച്ച് കോസ് വേ വഴി ബഹ്റൈനിലും പിന്നീട് ഖത്തർ, സൗദി അറേബ്യ, യുഎഇ വഴി ഒമാനിലും എത്തുന്നതോടെ 6 രാജ്യങ്ങളെയും ബന്ധിപ്പിക്കും.യാത്രാ ട്രെയിൻ മണിക്കൂറിൽ 220 കി.മീ വേഗത്തിലും ചരക്കു ട്രെയിൻ മണിക്കൂറിൽ 80-120 കി.മീ വേഗത്തിലുമായിരിക്കും സഞ്ചരിക്കുക.


