ഡോക്ടറുടെ മുറിയിൽ നിന്ന് ഡയമണ്ട് മോഷ്ടിച്ച് 19കാരന്‍; അറസ്റ്റ്

വനിതാ ഡോക്ടറുടെ മുറിയിൽ കയറി ഡയമണ്ട് മാല, ഡയമണ്ട് മോതിരം, സ്വർണ മോതിരം, ലാപ്ടോപ്പ്, ഐ ഫോൺ എന്നിവ കവർന്ന 19കാരനെ വിരലടയാളം പിന്തുട‌ർന്നുള്ള ശാസ്ത്രീയ അന്വേഷണത്തില്‍  മൂന്നാറിൽ നിന്ന് പൊക്കി പൊലീസ്. ഏകദേശം നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങൾ കവർ‌ന്ന കേസില്‍ തമിഴ്നാട് മധുര സ്വദേശി സതീഷ് കുമാറിനെയാണ് (19) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

ഡിസംബർ 23ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103–ാം നമ്പർ മുറിയില്‍ കയറിയാണ് സതീഷ് ഇത്രയധികം സാധനങ്ങള്‍ അടിച്ചുമാറ്റിയത്. ആലപ്പുഴ സ്വദേശി ഡോ. ഷഹാനയാണ് മുറിയിൽ താമസിച്ചിരുന്നത്. അവര്‍ വാതിൽ പൂട്ടാതെ പുറത്തു പോയപ്പോഴാണ് മുറിയിലുണ്ടായിരുന്നു സാധനങ്ങള്‍ മോഷ്ടാവ് അടിച്ചെടുത്തത്. 

സി.സി ടിവി ദൃശ്യത്തിൽ നിന്ന് മോഷ്ടാവ് ഓട്ടോയിൽ ചക്കരപ്പറമ്പിലെ ആക്രിക്കടയില്‍ പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. എന്നാല്‍ ആദ്യം മോഷ്ടാവ് ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.  മുറിയിൽ നിന്ന് കിട്ടിയ വിരലയാളത്തിന്‍റെ തുമ്പ് പിടിച്ച് നടത്തിയ അന്വേഷണമാണ് മൂന്നാറില്‍ ഒളിച്ച് താമസിച്ച പ്രതിയിലേക്കെത്തിയത്. 

മൂന്നാറിലെത്തിയ എളമക്കര പൊലീസ് സംഘം വളരെ പണിപ്പെട്ടാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. മോഷ്ടിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങൾ 5000 രൂപയ്ക്ക് വിറ്റതായിട്ടാണ് ഇയാൾ പറയുന്നത്. ഡയമണ്ട് ആഭരണങ്ങളെക്കുറിച്ച് മോഷ്ടാവ് ഒന്നും പറയുന്നുമില്ല. ഇന്നലെ രാത്രിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Share
error: Content is protected !!