ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ചോദ്യമുനയിൽ അടൂർ പ്രകാശ്, പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്.

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങൾ സ്വീകരിച്ചതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.

ഇക്കാര്യമുൾപ്പെടെ അടൂർ പ്രകാശിൽ നിന്ന് എസ്ഐടി ചോദിച്ചറിയും. നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ഇന്ന് ചോദ്യം ചെയ്യുന്നത്.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസിൽ പ്രതികളുടെ അറസ്റ്റ് വൈകും. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് അടുത്തയാഴ്ചയാകും. പൂർണ്ണമായി വിവര ശേഖരണം നടത്തിയ ശേഷം വിളിച്ചുവരുത്താനാണ് തീരുമാനം. എന്നാൽ പ്രതിപ്പട്ടികയിൽ ഇല്ലാത്ത സാക്ഷികളുടെ ചോദ്യം ചെയ്യൽ തുടരും.

പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതൽ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് അടക്കം ഭൂമികൾ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.

കേസിൽ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കുറ്റപത്രം തയ്യാറാക്കാൻ പോറ്റിയുടെ നിക്ഷേപങ്ങൾ, ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ പോറ്റിയെ ചോദ്യം ചെയ്തിരുന്നു. മുരാരി ബാബുവിനെയും കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ് ശ്രീകുമാറിനെയും ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു.

Share
error: Content is protected !!