‘അവർ സ്വന്തം കീശ വീർപ്പിച്ചു, രാഹുലിന് സിഖുകാരോട് വിദ്വേഷം’, മമതയ്ക്കും കുത്ത്; വിമർശിച്ച് മോദി
ന്യൂഡൽഹി: രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ പ്രതിപക്ഷപാർട്ടികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്ഐആറിനെതിരേ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ പോയത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
രാഹുൽഗാന്ധിക്കും കോൺഗ്രസിനും ഇപ്പോഴും സിഖുകാരോട് വിദ്വേഷമാണെന്നും ഒരു സിഖുകാരനായതിനാലാണ് ബിജെപി എംപിയായ രവനീത് സിങ് ബിട്ടുവിനെ ‘രാജ്യദ്രോഹി’യെന്ന് വിളിച്ചതെന്നും മോദി ആരോപിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മറുപടി പ്രസംഗത്തിനായി മോദി രാജ്യസഭയിലെത്തിയത്. പ്രധാനമന്ത്രി രാജ്യസഭയിലെത്തിയപ്പോൾ ‘മോദി, മോദി’ എന്ന് വിളിച്ചാണ് ഭരണപക്ഷാംഗങ്ങൾ അദ്ദേഹത്തെ വരവേറ്റത്. ഇതേസമയം, പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കി. തുടർന്ന് പ്രസംഗം ആരംഭിച്ച മോദി, പ്രതിപക്ഷത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പരിഹസിച്ചു.
83 വയസ്സുള്ള ഖാർഗെയ്ക്ക് അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് ഇരുന്ന് മുദ്രാവാക്യം വിളിക്കാമെന്നാണ് മോദി പറഞ്ഞത്. പ്രതിഷേധം തുടർന്ന പ്രതിപക്ഷം പിന്നീട് സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെ, പ്രതിപക്ഷം തളർന്ന് ക്ഷീണിച്ച് പുറത്തുപോയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
പ്രസംഗത്തിൽ യൂറോപ്യൻ യൂണിയനുമായും യുഎസുമായുള്ള വ്യാപാരക്കരാറിന്റെ നേട്ടങ്ങൾ വിശദീകരിച്ച മോദി, മുൻകാലങ്ങളിലെ കോൺഗ്രസ്, യുപിഎ സർക്കാരുകളെയും വിമർശിച്ചു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷം, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ദശാബ്ദങ്ങളായി ഭരണം നടത്തിയിട്ടുണ്ടെങ്കിലും അവർ അഴിമതിയുടെ പേരിലാണ് പ്രധാനമായും അറിയപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ കരാറുകൾ എന്നാൽ അഴിമതി നിറഞ്ഞ ‘ബൊഫേഴ്സ്’ ആയിരുന്നുവെന്നും മോദി പറഞ്ഞു.
മമത ബാനർജിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ബംഗാളിലെ തൃണമൂൽ സർക്കാരിനെയും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളെ പരിഗണിക്കാതെ അധികാരത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു ‘ക്രൂരമായ സർക്കാർ’ ആണ് ബംഗാൾ ഭരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനായാണ് തൃണമൂൽ കോൺഗ്രസ് കോടതിയിൽ പോകുന്നത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങൾ പോലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമ്പോൾ, ഇന്ത്യയിൽ ചിലർ അവരെ സംരക്ഷിക്കാൻ സംഘടിത ശ്രമങ്ങൾ നടത്തുകയാണ്.
ഇത്തരം നേതാക്കളെ എങ്ങനെയാണ് രാജ്യത്തെ യുവാക്കൾക്ക് അംഗീകരിക്കാൻ കഴിയുക. നുഴഞ്ഞുകയറ്റക്കാർ ഇന്ത്യൻ യുവാക്കളുടെ ജോലിയും ഉപജീവനവും തട്ടിയെടുക്കുന്നു. ഗോത്രസമൂഹങ്ങളുടെ ഭൂമി കൈയേറുന്നു. ഇവരുടെ സാന്നിധ്യം നമ്മുടെ മക്കളുടെ ഭാവിയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസിനെ കൂടാതെ കോൺഗ്രസ്, ഡി.എം.കെ, ഇടതുപക്ഷം എന്നീ പാർട്ടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഈ പാർട്ടികളെല്ലാം പതിറ്റാണ്ടുകളോളം അധികാരത്തിലിരുന്നിട്ടും ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിനേക്കാൾ സ്വന്തം കീശ വീർപ്പിക്കുന്നതിനാണ് മുൻഗണന നൽകിയതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
രവനീത് സിങ് ബിട്ടു ഒരു സിഖുകാരനായതിനാലാണ് രാഹുൽഗാന്ധി അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിച്ചതെന്നും നരേന്ദ്രമോദി ആരോപിച്ചു. ‘കോൺഗ്രസിന്റെ രാജകുമാരൻ ഇന്നലെ ഈ സഭയിലെ ഒരു എംപിയെ രാജ്യദ്രോഹിയെന്ന് വിളിച്ചു. കോൺഗ്രസിൽ നിന്ന് ഇതിനുമുമ്പും പലരും പുറത്തുപോയിട്ടുണ്ട്, പാർട്ടി പലതവണ പിളർന്നിട്ടുണ്ട്, എന്നാൽ അദ്ദേഹം മറ്റാരെയും രാജ്യദ്രോഹി എന്ന് വിളിച്ചിട്ടില്ല. ഈ എംപി ഒരു സിഖുകാരനായതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ വിളിച്ചത്’, പ്രധാനമന്ത്രി പറഞ്ഞു.


