ഒൻപതുവയസ്സുകാരിയെ കടന്ന് പിടിച്ചു, നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ചു; പ്രതിക്ക് 14 വർഷം കഠിനതടവ്
തിരുവനന്തപുരം: ഒൻപതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ പ്രതിയായ വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിനെ (54) നെ വിവിധ വകുപ്പുകളിലായി 14 വർഷം കഠിനതടവിനും 26,000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം 3 വർഷം 3 മാസം തടവ് കൂടുതലായി അനുഭവിക്കണം.
വിവിധ വകുപ്പുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയും ലീഗൽ സർവിസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്കു നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.
2024 ഒക്ടോബർ 20ന് വൈകിട്ടാണ് സംഭവം നടന്നത്. വീട്ടിലെ ടെറസിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് ചെന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി എടുത്ത് തരാൻ പ്രതി ആവശ്യപ്പെട്ടു. പൂച്ചട്ടി എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യിൽ പ്രതി കടന്ന് പിടിക്കുകയും ഉമ്മ വച്ചാൽ മാത്രമേ കൈവിടൂ എന്ന് പറഞ്ഞ് ബലപ്രയോഗം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടി ഭയന്ന് ഉമ്മ നൽകി.
വീട്ടിലെത്തിയ കുട്ടി കരഞ്ഞുകൊണ്ട് പിതാവിനോട് കാര്യം പറഞ്ഞതോെടയാണ് വിവരം പുറത്തറിഞ്ഞത്. പിതാവ് വീടിന് പുറത്തേക്ക് വരുന്നത് കണ്ട പ്രതി ഓടി രക്ഷപെട്ടു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ് വിജയ് മോഹൻ, അഡ്വ. സുരഭി. പി എന്നിവർ ഹാജരായി. വലിയതുറ പൊലീസ് സബ് ഇൻസ്‌പെക്ടർ എസ്. ജയശ്രീ ആണ് കേസ് അന്വേഷിച്ചത്.


