മക്ക, മദീന ഹറം പള്ളികളിലെ തിരക്കിന് ‘സ്മാർട്’ നിയന്ത്രണം; എഐ ഉപയോഗത്തിൽ മാതൃക

മക്ക മദീന: എഐ ക്യാമറ ഉൾപ്പെടെ സ്മാർട്ട് സംവിധാനങ്ങൾ വ്യാപകമാക്കി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ലോകത്തിന് മാതൃകയുമായി മക്ക, മദീന ഹറം പള്ളികൾ. തീർഥാടകരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനങ്ങൾ, സെൻസറുകൾ,ഡിജിറ്റൽ ടൂളുകൾ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

∙ എല്ലാ ഇടങ്ങളിലും സ്മാർട്ട് നിരീക്ഷണം
ഗ്രാൻഡ് മോസ്‌കിലെ കവാടങ്ങൾ, ഇടനാഴികൾ, മുറ്റങ്ങൾ എന്നിവിടങ്ങളിലെല്ലാം സ്മാർട്ട് നിരീക്ഷണം ശക്തമാക്കി. തിരക്ക് കൂടുതലുള്ള സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനും അതനുസരിച്ച് തീർഥാടകരുടെ സഞ്ചാരം ക്രമീകരിക്കാനും എഐ സാങ്കേതികവിദ്യ സഹായിക്കുന്നു.

സൗദി ഡേറ്റ ആൻഡ് എഐ അതോറിറ്റി വികസിപ്പിച്ച ബസീർ എഐ പ്ലാറ്റ്‌ഫോം ജനസാന്ദ്രത വിശകലനം ചെയ്യുകയും തിരക്ക് ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് തത്സമയം വിവരങ്ങൾ നൽകി നടപടി സ്വീകരിക്കുന്നു.

ഹജ് തീർഥാടകർക്ക് നൽകുന്ന ഇലക്ട്രോണിക് ബ്രേസ്‌ലറ്റുകളിൽ വ്യക്തിഗത, ആരോഗ്യ വിവരങ്ങൾ, മെഡിക്കൽ ഡേറ്റ,ജിപിഎസ് ട്രാക്കിങ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വഴി തെറ്റുന്ന തീർഥാടകരെ കണ്ടെത്താനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ സഹായം നൽകാനും ഇത് സഹായിക്കുന്നു.

മാതാപിതാക്കളുടെ വിവരങ്ങളുള്ള പ്രത്യേക ഐഡി ബ്രേസ്‌ലറ്റുകൾ നൽകുന്നതിലൂടെ കുട്ടികളെ വേഗത്തിൽ തിരിച്ചറിയാനും കുടുംബവുമായി ചേർക്കാനും ഉപകരിക്കുന്നു. ഉംറയ്ക്കും റൗദാ ശരീഫ് സന്ദർശനത്തിനുമുള്ള പെർമിറ്റുകളും സമയവും കൈകാര്യം ചെയ്യാനും സ്മാർട്ട് സംവിധാനത്തിലൂടെ സാധിക്കും. തത്സമയ തിരക്ക് കാണിക്കുന്ന കളർ കോഡഡ് സംവിധാനവുമുണ്ട്.

ഹറം പള്ളികളിൽ സ്ഥാപിച്ച 21 ഇഞ്ച് ടച്ച് സ്ക്രീനുകളുള്ള എഐ റോബട്ടുകൾ മാർഗനിർദേശം നൽകാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സഹായിക്കുന്നു. ഇവ 11 ഭാഷകളിൽ ആശയവിനിമയം നടത്തും. മദീനയിലെ പ്രവാചക പള്ളിയിലടക്കം സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സ്ക്രീനുകളും ക്യുആർ കോഡുകളും വഴി 23ലധികം ഭാഷകളിൽ മതപരമായ മാർഗനിർദേശവും നൽകുന്നു.

തീർഥാടകർക്ക് ക്യുആർ കോഡുള്ള സ്മാർട്ട് ടാഗുകൾ ഉപയോഗിച്ച് ബാഗേജ് സൂക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാങ്കേതികവിദ്യകൾ സമാധാനപരവും സുരക്ഷിതവുമായ ഒരു തീർഥാടന അനുഭവം ഉറപ്പാക്കാൻ സഹായിക്കുന്നു.

Share
error: Content is protected !!