‘മണിക്കൂറു തോറും നിലപാട് മാറ്റില്ല’; മുന്നണി മാറ്റം തള്ളി റോഷി അഗസ്റ്റിൻ
കോട്ടയം: ദിവസേനയും മണിക്കൂറുകൾ ഇടവിട്ടും നിലപാട് മാറ്റി പറയുന്ന പാർട്ടിയല്ല കേരള കോൺഗ്രസ് എമ്മെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പാർട്ടി ചെയർമാൻ ജോസ് കെ.മാണി അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മറുപടി പറഞ്ഞിട്ടുണ്ട്.
മുന്നണി മാറ്റ വിഷയത്തിൽ മുഖ്യമന്ത്രിയുമായി താൻ ചർച്ച നടത്തിയിട്ടില്ല. പാർട്ടി യോഗങ്ങളിൽ പല അഭിപ്രായം ഉണ്ടാകും. അവസാന വാക്ക് പാർട്ടി ചെയർമാന്റേതാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇന്നു ചേരുന്ന കേരള കോൺഗ്രസിന്റെ (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലേക്ക് ഉറ്റുനോക്കുകയാണ് എൽഡിഎഫും യുഡിഎഫും. ഇടതുപക്ഷത്ത് നിൽക്കുമെന്ന് ചെയർമാൻ ജോസ് കെ.മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് സിപിഎം. പാർട്ടിക്കുള്ളിലെ യുഡിഎഫ് അനുകൂല വികാരം യോഗത്തിൽ മറ നീക്കുമെന്നും നേതൃത്വത്തിന് അത് അവഗണിക്കാൻ കഴിയില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
ജോസ് കെ.മാണിയുടെ അധ്യക്ഷതയിൽ ഇന്നു രാവിലെ 11നു കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം. പാർട്ടിയിൽ ഭിന്നത ഉണ്ടായതോടെ മുന്നണിമാറ്റ ചർച്ചകളുടെ ഗതിവേഗം കുറഞ്ഞ പശ്ചാത്തലത്തിലാണ് നേതൃയോഗം ചേരുന്നത്. ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിൽ ഉറപ്പിച്ചു നിർത്താൻ മുഖ്യമന്ത്രിതന്നെ ഇടപെട്ടതായാണ് വിവരം. എൽഡിഎഫിനൊപ്പം തുടരണമെന്നു വാദിക്കുന്ന മന്ത്രി റോഷി അഗസ്റ്റിനുമായി സ്ഥിതിഗതികൾ പിണറായി വിലയിരുത്തിയിരുന്നു.


