യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സമ്പൂർണ നിരോധനം: രണ്ടാം ഘട്ടം നാളെ മുതൽ
ദുബായ്: യുഎഇയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന വിപുലമായ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കും ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം നമ്പർ 380ന്റെ രണ്ടാം ഘട്ടം നാളെ (2026 ജനുവരി 1) പ്രാബല്യത്തിൽ വരും.
കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ആണ് തീരുമാനം നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പാരിസ്ഥിതിക നിയമനിർമാണത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി.
നിരോധനത്തിന്റെ പരിധിയിൽ വരുന്ന ഉൽപന്നങ്ങൾ:
ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനത്തിന്റെ പരിധിയിൽ വരുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ ഇവയാണ്:
∙ബിവറേജ് കപ്പുകളും അവയുടെ അടപ്പുകളും.
∙കട്ട്ലറികൾ (സ്പൂൺ, ഫോർക്ക്, കത്തി, ചോപ്സ്റ്റിക്സ്).
∙പ്ലേറ്റുകൾ, സ്ട്രോകൾ, സ്റ്റൈററുകൾ.
∙സ്റ്റൈറോഫോം ഉപയോഗിച്ച് നിർമ്മിച്ച ഭക്ഷണ പാത്രങ്ങളും ബോക്സുകളും.
∙50 മൈക്രോണിൽ താഴെ കട്ടിയുള്ള എല്ലാ തരം ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾ (കടലാസ് ബാഗുകൾ ഉൾപ്പെടെ).
സുസ്ഥിരത ലക്ഷ്യം:
ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ നിയന്ത്രിക്കുന്നത് മാലിന്യം കുറയ്ക്കാൻ മാത്രമല്ല, വിഭവങ്ങളെ പാരിസ്ഥിതിക ഭാരമാക്കാതെ സുസ്ഥിര ആസ്തികളാക്കി മാറ്റുന്ന ‘വൃത്താകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥ’ എന്ന കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് മന്ത്രാലയത്തിലെ സുസ്ഥിര കമ്മ്യൂണിറ്റീസ് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ആലിയ അബ്ദുൽറഹീം അൽഹർമൂദി പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടം 2024 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നിരുന്നു. അന്ന് എല്ലാത്തരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിച്ചിരുന്നു.
നിരോധനത്തിൽ ഇളവുകൾ:
നിരോധനം വ്യാപാരത്തെയും വ്യാവസായിക മേഖലയെയും ബാധിക്കാതിരിക്കാൻ ചില ഇളവുകളും നൽകിയിട്ടുണ്ട്. കയറ്റുമതിക്കോ, പുനർ-കയറ്റുമതിക്കോ വേണ്ടി നിർമ്മിക്കുന്ന നിരോധിത ഉൽപന്നങ്ങൾക്ക് ഇളവുണ്ട്. എന്നാൽ ഇവ ആഭ്യന്തര വിപണിയിൽ വിതരണം ചെയ്യാൻ പാടില്ല. യുഎഇയിൽ റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്ന ബാഗുകൾക്കും ഉൽപന്നങ്ങൾക്കും ഇളവുണ്ട്.
മരുന്ന് ബാഗുകൾ, മാലിന്യം ശേഖരിക്കുന്ന ബാഗുകൾ, ഇറച്ചി, പച്ചക്കറികൾ, അപ്പം തുടങ്ങിയ പുതിയ ഭക്ഷ്യവസ്തുക്കൾ പൊതിയുന്നതിന് ഉപയോഗിക്കുന്ന വളരെ നേർത്ത പ്ലാസ്റ്റിക് ബാഗുകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയ്ക്കുള്ള വലിയ ഷോപ്പിങ് ബാഗുകൾ എന്നിവയ്ക്കും ഇളവ് ബാധകമാണ്.
എല്ലാ സ്ഥാപനങ്ങളും ഈ തീരുമാനം പൂർണമായി പാലിക്കണമെന്നും രാജ്യത്തിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പങ്കുചേരണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.


