സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത; 18 വരെ ഇടിമിന്നൽ, വെള്ളപ്പൊക്ക മുന്നറിയിപ്പ്
Lllറിയാദ്: സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകി. നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM)യാണ് രാജ്യത്തുടനീളം ഇടിമിന്നലോടുകൂടി കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയത്.
വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ പോകരുതെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ച മുതൽ അടുത്ത വ്യാഴാഴ്ച വരെ രാജ്യത്തുടനീളം ഇടിമിന്നലോടുകൂടിയ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ, അരുവികളും താഴ്വരകളും കൂടിച്ചേരുന്ന പ്രദേശങ്ങൾ ഒഴിവാക്കുക, അവയിൽ നീന്തുന്നത് ഒഴിവാക്കുക, വിവിധ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഔദ്യോഗികമായി നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
‘മിതമായതോ കനത്തതോ ആയ ഇടിമിന്നലുണ്ടാകുമെന്നും, അപ്രതീക്ഷിത വെള്ളപ്പൊക്കമുണ്ടായേക്കാനും, ആലിപ്പഴ വർഷവും പൊടിപടലങ്ങൾ ഇളക്കിവിടുന്ന സജീവമായ കാറ്റും ഉണ്ടാകുമെന്നും’ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിയാദ്, ഖസിം, ഹായിൽ, മദീന, മക്ക, അൽബഹ, അസീർ, ജിസാൻ, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വടക്കൻ അതിർത്തികൾ, അൽജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ കനത്ത കാറ്റും പ്രതീക്ഷിക്കുന്നതായി എൻസിഎം പറഞ്ഞു.
വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളും താഴ്വരകൾ പോലുള്ള സ്ഥലങ്ങളിലേക്കും പോകുന്നത് ഡിസംബർ 18 വരെ ഒഴിവാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പൂർണ്ണ ശൈത്യകാല കാലാവസ്ഥ ആരംഭിച്ചതോടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്തുകൊണ്ടിരിക്കുകയാണ്.
മരുഭൂമികളിലടക്കം മഴ പെയ്തിറങ്ങിയതോടെ പുതിയ രൂപങ്ങളു ഭാവങ്ങളും വ്യത്യസ്തമായ കാഴ്ചകളുമാണ് പ്രകൃതി മരുഭൂമിയിലൊരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള അൽ നഫുദ് നഫുദ് മരുഭൂമിയിൽ മഴയെ തുടർന്ന് അരുവികളും തടാകങ്ങളുമാണ് രൂപപ്പെട്ടിരിക്കുന്നത്. തണുപ്പുള്ള കാലാവസ്ഥ റഫ്ഹ ഗവർണറേറ്റിനകത്തും പുറത്തുമുള്ള നഫുദിനെ മരുഭൂമി, ക്യാംപിങ് പ്രേമികളുടെ ഒരു പ്രധാന സ്ഥലമാക്കി മാറ്റിയിട്ടുണ്ടെന്ന് സർക്കാർ വാർത്താ ഏജൻസി അറിയിച്ചു.


