‘ആകാശം പിളർന്ന് താഴേക്ക് ഒറ്റചാട്ടം’ ; ധീരവനിതയ്ക്ക് ഷെയ്ഖ് ഹംദാന്റെ കയ്യടി

ദുബായ്: അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ കണ്ണിന് കുളിരേകുന്ന കടലിന് മുകളിലൂടെ… ദുബായിയുടെ ആകാശത്ത് ആയിരം അടി ഉയരത്തിൽ തൂങ്ങിനിന്ന ഊഞ്ഞാലിലിരുന്നും അതിന്റെ പലകയിൽ എഴുന്നേറ്റുനിന്നും ഒടുവിൽ ആകാശം പിളർന്ന് താഴേക്ക് പറന്നും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ധീര വനിത.

ദുബായിയുടെ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്നെ ഈ സാഹസികതയുടെ വിഡിയോ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് പേരാണ് ഞെട്ടലും ആകാംക്ഷയും നിറഞ്ഞ അവസ്ഥയിൽ ഇത് കണ്ടത്.

ചരിത്രത്തിലേക്ക് നടന്നുകയറിയ ഈ സാഹസിക നായികയുടെ പേര് മഗാലി ഫോക്നർ ബ്രാഫ്. ഗിന്നസ് ലോക റെക്കോർഡ് ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ പ്രഫഷനൽ സ്കൈഡൈവറാണ് ബെൽജിയം സ്വദേശിനിയായ മഗാലി. ദുബായിയുടെ ആകാശക്കാഴ്ചകൾ ഒരു സ്വപ്നം പോലെ കണ്ടുകൊണ്ടാണ് തന്റെ ‘സ്‌കൈബ്രേക്കിങ്’ എന്ന അത്യപൂർവമായ ദൗത്യം പൂർത്തിയാക്കിയത്.

∙ ആകാശത്തോളം ഉയർന്ന ‘സ്‌കൈബ്രേക്കിങ്’
ദുബായ് സ്കൈഡൈവിങ്ങിന്റെ 15-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ അവിശ്വസനീയമായ സാഹസിക പ്രകടനം അരങ്ങേറിയത്. സാധാരണയിൽ നിന്ന് ഉയരത്തിൽ 15 വർഷങ്ങൾ എന്ന സന്ദേശം ആലേഖനം ചെയ്ത വലിയ എയർഷിപ്പിൽ (ബ്ലിംപ്) നിന്നാണ് ഈ ഊഞ്ഞാൽ താഴ്ത്തിയിരുന്നത്.

ദുബായ് ഫ്രെയിം, ബുർജ് ഖലീഫ, അറ്റ്‌ലാന്റിസ് ദ് റോയൽ, ബുർജ് അൽ അറബ്, പാം ജുമൈറ തുടങ്ങിയ ദുബായിയുടെ ഐക്കോണിക് കാഴ്ചകൾക്കെല്ലാം മുകളിലൂടെ ആടിയുലഞ്ഞാണ് മഗാലി യാത്ര ചെയ്തത്. ചുവന്ന മനോഹരമായ വസ്ത്രമണിഞ്ഞ് ഊഞ്ഞാലിൽ ഇരിക്കുന്നതും എഴുന്നേറ്റു നിൽക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.

സൂര്യൻ ഉദിച്ചുയരുന്ന അതിമനോഹരമായ കാഴ്ചകൾക്കിടയിൽ കെട്ടിടങ്ങൾക്കും കടലിനും ഇടയിൽ തനിച്ചായി, അതൊരു ‘ആഴത്തിലുള്ള ധ്യാന നിമിഷം’ പോലെയായിരുന്നുവെന്ന് മഗാലി പിന്നീട് പ്രതികരിച്ചു. ഇതൊരു സ്വപ്നമാണ്, അത് ദൃശ്യമായിരിക്കുന്നു. ഞാൻ എന്നും കൊണ്ടുനടക്കുന്ന ഒരനുഭവം.

∙ ആരും കാണാത്ത ഒരു കാഴ്ച
ഒരു മണിക്കൂറോളം നീണ്ട വിമാന യാത്രകൾ ഉൾപ്പെടെ ഒരാഴ്ചയോളം സമയമെടുത്താണ് ഈ സാഹസിക പ്രകടനം പൂർത്തിയാക്കിയത്. ഊഞ്ഞാലിൽ ഇരിക്കുന്നതിനേക്കാൾ അതിന്റെ പലകയിൽ എഴുന്നേറ്റു നിൽക്കുന്നതായിരുന്നു ഏറ്റവും ഭയപ്പെടുത്തിയ നിമിഷമെന്ന് മഗാലി തുറന്നു പറഞ്ഞു.

ആയിരം അടി ഉയരത്തിൽ ആടുന്ന ഊഞ്ഞാലിൽ ബാലൻസ് ചെയ്ത് നിൽക്കണം. പേശികളെല്ലാം ഉപയോഗിച്ച് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു നിമിഷമാണത്. ഈ പ്രകടനത്തിന് വേണ്ടി മഗാലി തന്റെ ചുവന്ന വസ്ത്രം സ്വയം രൂപകൽപന ചെയ്യുകയായിരുന്നു. ഇത് കാഴ്ചയിൽ സുന്ദരമാകണം അതേസമയം സുരക്ഷിതമായി പാരാഷൂട്ട് ഉപയോഗിക്കാനും താഴേക്ക് ചാടുമ്പോൾ കീറിപ്പോകാതെയിരിക്കാനും കഴിയുന്നത്ര എയറോഡൈനാമിക് ആയിരിക്കണം എന്ന നിർബന്ധം അവർക്കുണ്ടായിരുന്നു.

∙ വൈകാരിക നിമിഷങ്ങൾ, കിരീടാവകാശിയുടെ കയ്യടി
ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം മഗാലിക്ക് കണ്ണീരടക്കാനായില്ല. എല്ലാം സുരക്ഷിതമായി അവസാനിച്ചതിൽ മഗാലി അങ്ങേയറ്റം സന്തോഷവതിയായിരുന്നു. എന്നാൽ, തന്റെ വിഡിയോ ഷെയ്ഖ് ഹംദാൻ പങ്കുവെച്ചപ്പോഴാണ് മഗാലി കൂടുതൽ വൈകാരികമായി പ്രതികരിച്ചത്.

ഞെട്ടലും അഭിമാനവും നന്ദിയും അവിശ്വസനീയതയും എല്ലാം നിറഞ്ഞ പ്രതികരണമായിരുന്നു അത്. ഷെയ്ഖ് ഹംദാനോടുള്ള നന്ദി മഗാലി അറിയിച്ചു. ഈ പ്രകടനത്തിലൂടെ ദുബായിയെ ലോക ഭൂപടത്തിൽ കൂടുതൽ തിളക്കത്തോടെ അടയാളപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം.
….

Share
error: Content is protected !!