‘ഹൈക്കോടതി അധികാര പരിധി മറികടന്നു’; മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഉത്തരവിന് സ്റ്റേ

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.  വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിലാണ് നിര്‍ണായക ഉത്തരവ്.  ഹൈക്കോടതി ഉത്തരവ്  അധികാരപരിധി മറികടന്നാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി അപ്പീല്‍ വീണ്ടും പരിഗണിക്കുന്ന അടുത്തമാസം 27വരെ  തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചു.

ഹര്‍ജിയുടെ പരിധിക്കപ്പുറംപോയെന്ന് നിരീക്ഷിച്ചാണ് മുനമ്പത്തേത്ത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി  ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.  മുനമ്പം ഭൂമി തര്‍ക്കത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ചത് ചോദ്യംചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജി.  മുനമ്പം ഭൂമിതര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ ഹൈക്കോടതി ഭൂമിയുടെ സ്വഭാവം നിര്‍ണയിച്ചതില്‍ സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. 

ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും തടസഹര്‍ജി നല്‍കിയ മറ്റുകക്ഷികളും ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി നോട്ടീസയച്ചു. അടുത്തമാസം 27ന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരാനും ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

അതേസമയം, മുനമ്പം പ്രശ്ന പരിഹാരത്തിന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായര്‍ കമ്മിഷന്‍റെ നിയമിച്ചത് ശരിവച്ച ഹൈക്കോടതി നടപടിക്ക് സ്റ്റേ ബാധകമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. 

ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നതെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നു പ്രഖ്യാപിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു വഖഫ് സംരക്ഷണ വേദിയുടെ വാദം. ഹർജി നൽകിയവര്‍ നേരിട്ടുള്ള കക്ഷികളെല്ലെന്നും സർ‍ക്കാർ വാദിച്ചു. ഹര്‍ജിക്കാര്‍ക്കൊപ്പമാണെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.

….

Share