വ്യക്തിഗത വായ്പ നിയമത്തിൽ മാറ്റം; ശമ്പള പരിധി നിശ്ചയിക്കുന്നത് ബാങ്ക്; അക്കൗണ്ടുകൾ ഇനി ‘വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ’
ദുബായ്: യുഎഇയിലെ വ്യക്തിഗത വായ്പകൾക്ക് നിലവിലുണ്ടായിരുന്ന കുറഞ്ഞ ശമ്പള നിബന്ധന ഒഴിവാക്കാൻ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകിയതായി റിപോർട്ട്. മിക്ക ധനകാര്യ സ്ഥാപനങ്ങളിലും ഏകദേശം 5,000 ദിർഹമായിരുന്നു മിനിമം ശമ്പള പരിധി.
ഈ നിർദേശം നീക്കം ചെയ്യുന്നതോടെ ഇന്ത്യക്കാരടക്കമുള്ള കുറഞ്ഞ വരുമാനക്കാരും ബ്ലൂ കോളർ തൊഴിലാളികളുമായ രാജ്യത്തെ കൂടുതൽ താമസക്കാർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാകും.
ബാങ്കുകൾക്ക് ഇനിമുതൽ സ്വന്തം ആഭ്യന്തര നയങ്ങൾക്കനുസരിച്ച് ശമ്പള പരിധി നിശ്ചയിക്കാം. ‘ക്യാഷ് ഓൺ ഡിമാൻഡ്’ പോലുള്ള സാമ്പത്തിക സേവനങ്ങളിലേക്ക് കുറഞ്ഞ വരുമാനമുള്ളവർക്ക് കൂടുതൽ പ്രവേശനം നൽകുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
യുഎഇയിലെ മുഴുവൻ താമസക്കാർക്കും പ്രത്യേകിച്ച് യുവാക്കൾ, കുറഞ്ഞ വരുമാനക്കാർ, തൊഴിലാളി മേഖലയിലുള്ളവർ എന്നിവർക്ക് ഇനി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ സാധിക്കുമെന്ന് സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ അക്കൗണ്ടുകൾ സെൻട്രൽ ബാങ്കിന്റെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റവുമായി (ഡബ്ല്യുപിഎസ്) ബന്ധിപ്പിക്കും.
അതിനാൽ, വായ്പാ തിരിച്ചടവ് തുക ശമ്പളം അക്കൗണ്ടിൽ പ്രവേശിച്ച ഉടൻ തന്നെ നേരിട്ട് കുറയ്ക്കാൻ ബാങ്കുകൾക്ക് സാധിക്കും. എല്ലാവർക്കും അവശ്യ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് സാമ്പത്തിക ഉൾക്കൊള്ളൽ (ഫിനാൻഷ്യൽ ഇൻക്ലൂഷൻ) വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം.


