സാമ്പത്തിക ശേഷിയുള്ള സൗദി അറേബ്യയിലെ വിദേശികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്ഥിരതാമസത്തിന് അനുമതി

റിയാദ്: 40 ലക്ഷം റിയാലില്‍ (ഏതാണ്ട് പത്തു കോടിയോളം രൂപ) കുറയാത്ത വിലയുള്ള ഭവന യൂണിറ്റ് വാങ്ങുകയാണെങ്കില്‍ സൗദിയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഇഖാമ ലഭിക്കും. വിദേശികള്‍ക്ക് ആദ്യമായി പൂര്‍ണ്ണ സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമായാണിത്.

നിശ്ചിത തുകയുടെ നിക്ഷേപം നടത്താന്‍ സന്നദ്ധമാകുന്ന വിദേശികള്‍ക്കായിരിക്കും ഈ സൗകര്യം ലഭ്യമാവുകയെന്ന് ദാര്‍ ഗ്ലോബല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി സി ഇ ഒ സിയാദ് അല്‍ശആര്‍ വെളിപ്പെടുത്തി.

അടുത്തവര്‍ഷം ജനുവരി മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമം നടപ്പാക്കുന്നതിനു മുന്‍പ് തന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശനിക്ഷേപം ശക്തിപ്പെട്ടിട്ടുണ്ട്. 30 വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ ഭവന യൂണിറ്റുകള്‍ വാങ്ങാന്‍ തയാറായിട്ടുണ്ടെന്നും അ്‌ദ്ദേഹം പറഞ്ഞു.

വിദേശികള്‍ക്കുള്ള റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം തുടക്കത്തില്‍ റിയാദ്, ജിദ്ദ നഗരങ്ങളില്‍ പരിമിതിപ്പെടുത്തും. മക്കയിലും മദീനയിലും ഉടമസ്ഥാവകാശത്തിന് പ്രത്യേക വ്യവസ്ഥകള്‍ ബാധകമാണ്. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളായ ദമാം അല്‍ക്കോബാര്‍ എന്നിവിടങ്ങളിലെ പ്രത്യേക മേഖലകള്‍ക്ക് പുറമെ നിയോം, ദിരിയ പോലുള്ള മെഗാ പ്രൊജക്റ്റുകളിലും വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കും.

Share
error: Content is protected !!