പ്രവാസികളെ പ്രയാസത്തിലാക്കി മൂടൽ മഞ്ഞ്; താളംതെറ്റി വിമാന സർവീസുകൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത മൂടൽ മഞ്ഞ് കാരണം താളം തെറ്റി വിമാന സർവീസുകൾ. രാജ്യത്ത് ഇറങ്ങേണ്ട വിമാനങ്ങൾ അയൽ രാജ്യങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. കുവൈത്ത് വിമാനത്താവളത്തിൽനിന്ന് പുറപ്പെടെണ്ട വിമാനങ്ങളും വൈകുന്നു. കനത്ത മൂടൽമഞ്ഞുകാരണം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതിയാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പിഎസിഎ) അറിയിച്ചു.
മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞതാണ് അയൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ വഴിതിരിച്ചുവിടാൻ കാരണമായതെന്ന് പിഎസിഎ വക്താവ് അബ്ദുല്ല അൽ-രാജ്ഹി പറഞ്ഞു. കാലാവസ്ഥ മെച്ചപ്പെട്ടാടാൻ ഉടൻ പ്രവർത്തനം സാധാരണ നിലയിൽ തുടരുമെന്നും അദേദഹം വ്യക്തമാക്കി.
അതേസമയം, കുവൈത്ത് വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾ വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേയ്സ് എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. മൂടൽമഞ്ഞ് കാരണം ചില വിമാന സർവീസുകൾക്ക് തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്നും എയർലൈൻ അറിയിച്ചു കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങൾ അടിയന്തര സാഹചര്യങ്ങൾ അതനുസരിച്ച് പുനഃക്രമീകരിക്കും.
ബുക്കിങിൽ നൽകിയിരിക്കുന്ന കോൺടാക്റ്റ് വഴി യാത്രക്കാർക്ക് അപ്ഡേറ്റുകൾ ലഭിക്കുമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു. കസ്റ്റമർ കാൾ സെന്റർ, വാട്സ്ആപ്പ് സർവീസ്, ഒഫീഷ്യൽ വെബ്സൈറ്റ് എന്നിവ വഴി വിവരങ്ങൾ അറിയാമെന്നും എയർലൈൻ വ്യക്തമാക്കി. രാജ്യത്ത് അടുത്ത ദിവസങ്ങളിലും മൂടൽമഞ്ഞ് തുടരുമെന്നും ശനി, ഞായർ ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


