എന്തിനും കൂടെ, അവസാനയാത്രയിലും; സര്‍പ്രൈസായി ഗള്‍ഫില്‍നിന്ന് വന്ന കൂട്ടുകാരനെ കൂട്ടാന്‍പോയ യാത്ര അന്ത്യയാത്രയായി

ആലപ്പുഴ: ഗള്‍ഫില്‍നിന്നു വരുന്ന കൂട്ടുകാരനെ വിളിച്ചുകൊണ്ടു വരാമെന്നുപറഞ്ഞ് ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നു പോയതാണ് ഹാറൂണ്‍. എന്നാല്‍, യാത്ര മുഴുവനാക്കി തിരിച്ചുവരാന്‍ അവനുണ്ടായില്ല. അനാരോഗ്യം അലട്ടുന്ന പിതാവ് ഷാജിയെ മകന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്ത അറിയിക്കാന്‍പോലും ബന്ധുക്കള്‍ ആദ്യം തയ്യാറായില്ല.

ശനിയാഴ്ച വൈകീട്ടോടെയാണ് ഷാജിയെ വിവരമറിയിച്ചത്. മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നുകിടക്കുകയാണ് ഷാജി. തന്റെ പിതാവു മരിച്ച് 40 തികയുന്നതിനു മുന്‍പേയുണ്ടായ മകന്റെ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമായി. കളമശ്ശേരിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ കാറപകടത്തിലാണ് വലിയമരം തപാല്‍പറമ്പ് ഗോള്‍ഡന്‍ ഫാക്ടറി റോഡില്‍ ഹാറൂണ്‍ ഷാജി (അച്ചു-20) മരിച്ചത്.

രാത്രി ഇരുട്ടിവെളുത്തപ്പോള്‍ പ്രിയപ്പെട്ട അച്ചുവിനെ നഷ്ടപ്പെട്ട ദുഃഖത്തിലാണ് കുടുംബം. ‘എറണാകുളത്തേക്കു പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ഷാജി ആദ്യം എതിര്‍ത്തതാണ്. കൂട്ടുകാരന്‍ വീട്ടില്‍ പറയാതെയാണ് വിദേശത്തുനിന്നു വരുന്നത്. അതുകൊണ്ട് പോകണമെന്നു പറഞ്ഞാണ് ഷാജിയുടെ സമ്മതം വാങ്ങിയത്. രാത്രി 12 മണിയോടെ അവര്‍ എറണാകുളത്തേക്കു പോയി. ശനിയാഴ്ച ഉച്ചയോടെ ഷാജിയുടെ സഹോദരിയുടെ ഫോണിലേക്ക് കോള്‍ വന്നു. അപ്പോഴാണ് അച്ചു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട വിവരം കുടുംബം അറിയുന്നത്. ‘വെള്ളിയാഴ്ച രാത്രിയും വീട്ടില്‍ വന്നിരുന്നു. അകത്തേക്കു കയറാന്‍ പറഞ്ഞിട്ട് കയറിയില്ല’ -ഷാജിയുടെ സഹോദരിയുടെ ഭര്‍ത്താവ് നിസാദ് പറഞ്ഞു.

ജോലിചെയ്യുകയായിരുന്ന ഹാറൂണ്‍ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. അടുത്ത മാസം തിരികെ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കോവിഡ് സമയത്താണ് ഹാറൂണിന്റെ മാതാവ് സുനി അര്‍ബുദത്തെത്തുടര്‍ന്നു മരിച്ചത്. രണ്ടുവര്‍ഷം മുന്‍പ് ഷാജിയുടെ മാതാവും മരിച്ചിരുന്നു. തുടര്‍ച്ചയായ നാലാമത്തെ മരണം. ശേഷിക്കുന്നത് ഷാജിയും രണ്ടാമത്തെ മകന്‍ ഹാഫിസ് ഷാജിയും. ഹാഫിസ് ഷാജി ഡിഗ്രി വിദ്യാര്‍ഥിയാണ്.

Share
error: Content is protected !!