‘നിലവിളിച്ചാല്‍ കൂടുതല്‍പേര്‍ വന്ന് ബലാത്സംഗം ചെയ്യും’; MBBS വിദ്യാര്‍ഥിനി നേരിട്ടത് ക്രൂരപീഡനം; പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചത് സഹോദരി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ കൂട്ടബലാത്സംഗത്തിനിരയായ എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മൊഴി പുറത്ത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി നല്‍കിയ മൊഴിയിലെ വിശദാംശങ്ങളാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. സുഹൃത്തിനൊപ്പം രാത്രി ക്യാംപസിനു പുറത്തിറങ്ങിയ വിദ്യാര്‍ഥിനി ക്രൂരമായ ബലാത്സംഗത്തിനിരയായെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്.
.
വെള്ളിയാഴ്ച രാത്രി അത്താഴം കഴിക്കാനായാണ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ 23-കാരി ക്യാംപസില്‍നിന്ന് പുറത്തേക്ക് പോയത്. സുഹൃത്തായ വിദ്യാര്‍ഥിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, പുറത്തിറങ്ങിയ ഇരുവരെയും പ്രതികളുടെ സംഘം തടഞ്ഞുനിര്‍ത്തുകയും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

”അവര്‍ വാഹനം നിര്‍ത്തി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അതുകണ്ടതോടെ ഞങ്ങള്‍ കാട്ടിലേക്ക് ഓടി. അപ്പോള്‍ അക്രമിസംഘത്തിലെ മൂന്നുപേര്‍ ഞങ്ങളെ പിന്തുടര്‍ന്നു. തുടര്‍ന്ന് എന്നെ പിടിച്ചുനിര്‍ത്തി കാട്ടിലേക്ക് വലിച്ചിഴച്ചു. എന്റെ പിറകില്‍നിന്നാണ് അവര്‍ എന്നെ പിടിച്ചത്. എന്റെ ഫോണ്‍ പിടിച്ചുവാങ്ങി. തുടര്‍ന്ന് എന്റെ സുഹൃത്തിനെ വിളിക്കാന്‍ പറഞ്ഞു. എന്നാല്‍, അവന്‍ വന്നില്ല. ഞാന്‍ നിലവിളിച്ചപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തി. ബഹളംവച്ചാല്‍ കൂടുതല്‍പേരെ വിളിക്കുമെന്നും അവരും ബലാത്സംഗംചെയ്യുമെന്നുമായിരുന്നു ഭീഷണി”, പെണ്‍കുട്ടി പറഞ്ഞു.
.
അഞ്ചംഗസംഘമാണ് എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗംചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അഞ്ചുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാഫിക്, നാസിറുദ്ദീന്‍, റിയാസുദ്ദീന്‍, അപു ബരൂയ്, ഫിര്‍ദൗസ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ റിയാസുദ്ദീന്‍ പെണ്‍കുട്ടി പഠിക്കുന്ന മെഡിക്കല്‍ കോളേജിലെ മുന്‍ സുരക്ഷാ ജീവനക്കാരനാണെന്നും അഞ്ചുവര്‍ഷം മുന്‍പ് ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നെന്നും പോലീസ് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ സാഫിക്കിനെ പിടികൂടാന്‍ അയാളുടെ സഹോദരി തന്നെയാണ് സഹായംനല്‍കിയതെന്നും പോലീസ് വ്യക്തമാക്കി. പോലീസ് കേസെടുത്തതിന് പിന്നാലെ സാഫിക് ഒളിവില്‍പോയിരുന്നു. ദുര്‍ഗാപുരിലെ ഒരു പാലത്തിന് താഴെയുള്ള രഹസ്യകേന്ദ്രത്തിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെവച്ച് കാണാമെന്നും ഇയാള്‍ സഹോദരിയായ റോസിനയെ അറിയിച്ചിരുന്നു. എന്നാല്‍, സഹോദരി റോസിന തന്നെ ഈ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സഹോദരിയുടെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു.
.

Share
error: Content is protected !!