മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യത്ത് ശ്രമിച്ചു
മലപ്പുറം അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സ്വയം കഴുത്തറുത്തു ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
അരീക്കോട് സ്റ്റേഷൻ പരിധിയിലെ വടശ്ശേരിയിൽ ഇന്ന് വൈകീട്ടാണ് സംഭവം. വാടകവീട്ടിൽ വെച്ചാണ് 38കാരിയായ രേഖയെ ഭർത്താവ് വെട്ടി കൊലപെടുത്തിയത്. സംഭവ സ്ഥലുണ്ടായിരുന്ന 8 വയസുകാരനായ മകനാണ് വാടക ക്വാർട്ടേഴ്സ് ഉടമയെയും നാട്ടുകാരെയും വിവരമറിയിച്ചത്. പിന്നാലെ വീടിനകത്ത് പ്രതിയായ വിപിൻദാസിനെ കഴുത്തിലും ദേഹത്തുമെല്ലാം സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിപിൻദാസിന്റ കൈകളിലെയും കഴുത്തിലെയും ഞരമ്പുകൾ അറ്റ നിലയിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേരി മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. നേരത്തെ മറ്റൊരു കേസിലെ പ്രതിയായ വിപിൻദാസ് രണ്ട് മാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം ഗുരുതരമായി പരിക്കേറ്റ രേഖയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും.
അരീക്കോട് ഓടക്കയം സ്വദേശിയായ പ്രതിയും കുടുംബവും വടശേയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. ഇവർക്ക് നാല് മക്കളാണുള്ളത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.


