അബ്ദുന്നാസിര്‍ മഅദനി പ്രതിയായ ബംഗളൂരു സ്ഫോടന കേസിൽ നാലു മാസത്തിനകം വിധി പറയണം -സുപ്രീംകോടതി

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിര്‍ മഅദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ നാലു മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിക്കാണ് സുപ്രീംകോടതി നിർദേശം നൽകിയത്.

കേസിലെ 28-ാം പ്രതിയായ താജുദ്ദീൻ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം. സ്ഫോടനക്കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാത്തതിനാൽ താൻ ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചത്.
.

മഅദനിയുടെ ഹരജി പരിഗണിച്ചും കേസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. സുപ്രീംകോടതി നിർദേശിച്ചെങ്കിലും വിചാരണ കോടതി നടപടികൾ വൈകുകയായിരുന്നു. ജാമ്യത്തിലുള്ള മഅദനി കേസിൽ 31-ാം പ്രതിയാണ്.

അതേസമയം, കേസിന്‍റെ വി​ചാ​ര​ണ വൈ​കി​യ​ത് ചൂണ്ടിക്കാട്ടി മ​അ​​ദ​നി സു​പ്രീം​കോ​ട​തി​യെ മു​മ്പ്​ സമീപിച്ചിരുന്നു. ഇതേതുടർന്ന് ഒ​ന്ന​ര വ​ർ​ഷ​ത്തി​ന​കം കേ​സ്​ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന്​ 2015ൽ ​പ്ര​ത്യേ​ക​ കോ​ട​തി സു​പ്രീം​കോ​ട​തി​യി​ൽ ഉ​റ​പ്പു​ ന​ൽ​കി​യി​രു​ന്നു. എന്നാൽ, കേസിന്‍റെ അന്തിമവാദം ഇഴഞ്ഞുനീങ്ങുകയാണ്.

ബംഗളൂരു സ്ഫോടന കേസിൽ മഅദനി ഉൾപ്പെടെയുള്ളവർക്കെതിരായ പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന കർണാടക സർക്കാറിന്‍റെ ആവശ്യം നേരത്തെ കർണാടക ഹൈകോടതി തള്ളിയിരുന്നു. ഫോൺ വിളിയുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണിക്കാൻ നിര്‍ദേശിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതേതുടർന്ന് വിചാരണ കോടതിയിൽ ആരംഭിക്കാനിരിക്കുന്ന അന്തിമവാദം കേൾക്കൽ സുപ്രിംകോടതി സ്റ്റേ ചെയ്ത് പ്രതികൾക്ക് നോട്ടീസ് അയച്ചിരുന്നു.
.
വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ കഴിയില്ലെന്നാണ് മഅ്ദനി ഉൾപ്പെടെയുള്ളവരുടെ വാദം. തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ കുറ്റപത്രം നൽകിയ സമയത്ത് ഹാജരാക്കണമായിരുന്നു. പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ അനുവദിച്ചാൽ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരും. പുതിയ തെളിവുകൾ പരിഗണിക്കുന്നത് വിചാരണ അനന്തമായി നീളുന്നതിന് കാരണമാകുമെന്നും പ്രതിഭാഗത്തിന്‍റെ അഭിഭാഷകര്‍ വാദിച്ചിരുന്നു.

500ലേ​റെ സാ​ക്ഷി​ക​ളു​ള്ള സ്​​ഫോ​ട​ന​ക്കേ​സി​ൽ മ​രി​ച്ച​വ​രും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​രു​മാ​യ 100ഒാ​ളം സാ​ക്ഷി​ക​ളെ വി​ചാ​ര​ണ ന​ട​പ​ടി​ക്ര​മ​ത്തി​ൽ​ നി​ന്ന് കോടതി നേരത്തെ​ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Share