95-ാമത് ദേശീയ ദിനം: ഔദ്യോഗിക അവധി പ്രഖ്യാപിച്ച് സൗദി; വർണാഭമായ ആഘോഷത്തിന് ഒരുങ്ങി രാജ്യം

റിയാദ്: 95-ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് സെപ്റ്റംബർ 23-ന് അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകൾക്ക് അവധി ബാധകമായിരിക്കുമെന്ന് മന്ത്രലായം വ്യക്തമാക്കി.

ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി, മക്ക മുനിസിപ്പാലിറ്റി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. നഗരത്തിലെ തെരുവുകൾ, ചത്വരങ്ങൾ, തുരങ്കങ്ങൾ എന്നിവിടങ്ങളിൽ പതാകകൾ, അലങ്കാര വിളക്കുകൾ എന്നിവ സ്ഥാപിച്ചു. മുനിസിപ്പൽ കെട്ടിടങ്ങൾ ദേശീയ പതാകയുടെ നിറമായ പച്ചയിൽ പ്രകാശിച്ചു.
.


.

ദേശീയ ദിനാഘോഷങ്ങൾക്കായി മുനിസിപ്പാലിറ്റി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മക്കയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഈ പരിപാടികളിൽ പൗരന്മാർക്കും താമസക്കാർക്കും പങ്കെടുക്കാൻ അവസരം നൽകും. രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങൾ പ്രതിഫലിക്കുന്ന ദേശീയ പ്രകടനങ്ങളും കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമാകും.
.
നഗരത്തെ ഉത്സവപ്രതീതിയിലാക്കാൻ 1,600-ലധികം പതാകകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ദേശീയ ദിനത്തിന്റെ ചിഹ്നങ്ങളുള്ള ഡിസൈനുകളാൽ ഇലക്ട്രോണിക് സ്ക്രീനുകളും അലങ്കരിച്ചിട്ടുണ്ട്.
.


.

മക്കയിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനും അവർക്ക് മികച്ച അനുഭവം നൽകുന്നതിനും, മുനിസിപ്പാലിറ്റി മറ്റ് സർക്കാർ ഏജൻസികളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. പാർക്കുകൾ, ഉദ്യാനങ്ങൾ, ആഘോഷ വേദികൾ എന്നിവ ഒരുക്കുന്നതിലും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.
.


.

95-ാമത് ദേശീയ ദിന അടയാളം: സന്ദേശങ്ങൾ

സൗദി അറേബ്യയുടെ ആധികാരിക മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ആറ് ചിഹ്നങ്ങളാണ് ഈ വർഷത്തെ ദേശീയ ദിന അടയാളത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 6 വ്യത്യസ്ത ചിത്രങ്ങളിലൂടെയാണ് അത് പ്രതിനിധീകരിക്കുന്നത്.

  • ദല്ല (പരമ്പരാഗത കോഫി പോട്ട്): സൗദി സംസ്കാരത്തിലെ ഉദാരതയെ ഇത് പ്രതിനിധീകരിക്കുന്നു.
  • തുറന്ന വാതിൽ: അതിഥികളെ സ്വാഗതം ചെയ്യുന്ന സൗദി ജനതയുടെ ഔദാര്യത്തെയും അസാധാരണമായ ദാനത്തിന്റെ പ്രതീകമാണിത്.
  • വേരൂന്നിയ വൃക്ഷം: ചരിത്രത്തിൽ അഭിമാനിക്കുകയും പൂർവ്വികരുടെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്ന സൗദി ജനതയുടെ ആധികാരികതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
  • ഫസാഹ് (കൈകൾ കൂട്ടിക്കെട്ടിയ ആംഗ്യം): സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഐക്കണിക് ആംഗ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ചിഹ്നം.
  • തുവൈഖ് പർവതം: ഈ പർവതത്തിന്റെ ദൃഢതയുമായി സൗദി ജനതയുടെ അഭിലാഷങ്ങളെ താരതമ്യം ചെയ്ത കിരീടാവകാശിയുടെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണിത്.
  • വിഷൻ 2030 ലോഗോ: ഇത് രാജ്യത്തിന്റെ വ്യക്തത, പുരോഗതി, ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവയെ പ്രതീകപ്പെടുത്തുന്നു.

ചരിത്രവും ആഘോഷങ്ങളും

ആധുനിക സൗദി അറേബ്യയുടെ പിറവിയെയാണ് സൗദി ദേശീയ ദിനം അടയാളപ്പെടുത്തുന്നത്. 1932 സെപ്റ്റംബർ 23-നാണ്, അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് രാജാവ് നജ്ദിനെയും ഹിജാസിനെയും സൗദി അറേബ്യയിൽ ഏകീകരിച്ചതായി പ്രഖ്യാപിച്ചത്. റിയാദ് തലസ്ഥാനമായും, അറബി ഔദ്യോഗിക ഭാഷയായും, ഖുർആൻ ഭരണഘടനയായും ഈ രാജ്യം നിലവിൽ വന്നു.

എല്ലാ വർഷവും, ദേശീയ ദിനത്തിൽ കരിമരുന്ന് പ്രയോഗം, എയർ ഷോകൾ, ഡ്രോൺ, ലൈറ്റ് ഷോകൾ, പരേഡുകൾ, കലാസാംസ്കാരിക പരിപാടികൾ, ദേശീയ ഗാനാലാപനം എന്നിവ സംഘടിപ്പിക്കാറുണ്ട്. കുട്ടികളും മുതിർന്നവരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും, കെട്ടിടങ്ങളിലും റോഡുകളിലും പതാകകൾ സ്ഥാപിച്ചും, രാജ്യത്തിന്റെ പച്ച നിറത്തിൽ കെട്ടിടങ്ങൾ അലങ്കരിച്ചും ഈ ദിനം ആഘോഷിക്കുന്നു.

 

 

Share
error: Content is protected !!