ചാന്ദ്രശോഭ ഇന്ന് ചെഞ്ചുവപ്പണിയും, രക്തചന്ദ്രൻ തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം: ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സെപ്റ്റംബർ 7ന്, അതായത് ഇന്ന് നടക്കും. ഈ പൂര്‍ണ ചന്ദ്രഗ്രഹണത്തിനൊപ്പം (Total Lunar Eclipse) ഇന്ന് രാത്രി ആകാശത്ത് ‘രക്തചന്ദ്രന്റെ’ (Blood Moon) അത്ഭുതകരമായ കാഴ്ച ദൃശ്യമാകും. സെപ്റ്റംബർ 7ന് രാത്രിയിൽ ഈ ഗ്രഹണം സംഭവിക്കുകയും രാത്രി വൈകി അവസാനിക്കുകയും ചെയ്യും. ഇത് ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന ഒരു പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. ഈ ഗ്രഹണം ആകെ 82 മിനിറ്റ് നീണ്ടുനിൽക്കും.
ഇന്ത്യയിൽ ചന്ദ്രഗ്രഹണം എപ്പോൾ ആരംഭിക്കും? അവസാനിക്കും?
സെപ്റ്റംബർ 7ന് ഇന്ത്യൻ സമയം രാത്രി 09:58ന് ചന്ദ്രഗ്രഹണം ആരംഭിക്കും. സെപ്റ്റംബർ 8ന് പുലർച്ചെ 01:26ന് ഇത് അവസാനിക്കും. ഈ പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ ചന്ദ്രഗ്രഹണം ഇത് കാണാൻ ഏറ്റവും അനുയോജ്യമായ സമയം രാത്രി 11നും 12:22നും ഇടയിലായിരിക്കും. ഈ ഗ്രഹണം ഏകദേശം 3 മണിക്കൂർ 29 മിനിറ്റ് നീണ്ടുനിൽക്കും, പൂർണ്ണ ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം 1 മണിക്കൂർ 22 മിനിറ്റാണ്. രാത്രി 11 മണി മുതൽ രക്തചന്ദ്രന്റെ കാഴ്ച ദൃശ്യമാകും. ഈ ഗ്രഹണം രാത്രി 11:42ന് അതിന്റെ ഉച്ചസ്ഥായിയിലെത്തും.
സൗദിയിലെ ഗ്രഹണ സമയം
പൂർണ്ണ ചന്ദ്രഗ്രഹണം സൗദിയി ദൃശ്യമാകും. ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഇത് പൂർണ്ണമായി കാണാൻ കഴിയും. ഏകദേശം 83 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നായിരിക്കും.
റിയാദ് സമയം വൈകുന്നേരം 6:27-ന് ചന്ദ്രൻ ഭൂമിയുടെ പെൻബ്രൽ നിഴൽ മേഖലയിൽ പ്രവേശിക്കുന്നതോടെ ഗ്രഹണം ദൃശ്യമായി തുടങ്ങും. ഭാഗിക ഗ്രഹണം വൈകുന്നേരം 7:27-ന് ആരംഭിച്ച് രാത്രി 8:30-ന് പൂർണ്ണ ഗ്രഹണമായി മാറും. രാത്രി 9:53-ന് പൂർണ്ണ ഗ്രഹണം അവസാനിക്കുകയും തുടർന്ന് രാത്രി 11:57-ന് ഗ്രഹണം പൂർണ്ണമായും അവസാനിക്കുകയും ചെയ്യും.
ഈ അപൂർവ കാഴ്ച കാണുന്നതിന് പൊതുജനങ്ങൾക്ക് അവസരം ലഭിക്കും. സാധാരണയായി ചന്ദ്രഗ്രഹണം കാണുന്നതിന് പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല, എന്നാൽ കൂടുതൽ വ്യക്തമായി കാണാൻ ദൂരദർശിനി ഉപയോഗിക്കാവുന്നതാണ്.
.
സൗദിയിൽ ഗ്രഹണ നമസ്കാരം നടത്തണമെന്ന് ഇമാമുമാർക്ക് നിർദേശം
റിയാദ്: ഞായറാഴ്ച നടക്കുന്ന ചന്ദ്രഗ്രഹണത്തിന് ഗ്രഹണ നമസ്കാരം (സ്വലാത്തുൽ ഖുസൂഫ്) നടത്തണമെന്ന് ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് രാജ്യത്തുടനീളമുള്ള പള്ളികളിലെ ഇമാമുകൾക്ക് നിർദ്ദേശം നൽകി. ഹിജ്റ 1447 റബീഉൽ അവ്വൽ 15-നാണ് (ഇന്ന്) ഗ്രഹണം ദൃശ്യമാകുക.
ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്ന സമയത്ത് വിശ്വാസികൾ ദൈവസ്മരണ വർദ്ധിപ്പിക്കാനും, പാപമോചനം തേടാനും, ദാനധർമ്മങ്ങൾ ചെയ്യാനും സൽകർമ്മങ്ങളിലൂടെ ദൈവത്തോട് കൂടുതൽ അടുക്കാനും ഇമാമുകൾ വിശ്വാസികളെ നയിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പ്രവാചകചര്യ അനുസരിച്ചാണ് ഈ മാർഗ്ഗനിർദ്ദേശം നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രഗ്രഹണ സമയത്ത് പ്രാർത്ഥന, ദൈവസ്മരണ, ദാനധർമ്മം തുടങ്ങിയ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പ്രവാചകചര്യയുടെ ഭാഗമായാണ് ഈ നിർദ്ദേശം.


