സൗദിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ തടവും പിഴയും ശിക്ഷ; വിദേശികളെ തിരിച്ച് വരാനാകാത്തവിധം നാട് കടത്തും

റിയാദ്: പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയിലുള്ള ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് സൗദി അറേബ്യയിൽ ഇനി മുതൽ കടുത്ത ശിക്ഷ. നിയമലംഘകർക്ക് ഒരു വർഷം വരെ തടവും വിദേശികൾക്ക് നാടുകടത്തലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഗതാഗത നിയമത്തിലെ ചട്ടം 74 ഭേദഗതി ചെയ്യാൻ സൗദി മന്ത്രിസഭ അംഗീകാരം നൽകി.

പുതിയ ഭേദഗതി അനുസരിച്ച്, ആദ്യ നിയമലംഘനം നടന്ന് ഒരു വർഷത്തിനുള്ളിൽ വീണ്ടും ഗുരുതരമായ നിയമലംഘനം നടത്തുന്നവർക്ക് പരമാവധി പിഴ ചുമത്തും. ഇതേ വർഷത്തിനുള്ളിൽ മൂന്നാമതും നിയമലംഘനം നടത്തിയാൽ, രണ്ടാമത്തെ നിയമലംഘനത്തിന് നിശ്ചയിച്ചിട്ടുള്ള പിഴ ഇരട്ടിയാക്കും. അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടാത്ത തടവ് ശിക്ഷ വിധിക്കാനായി നിയമലംഘകനെ മേൽക്കോടതിയിലേക്ക് റഫർ ചെയ്യും.

കൂടാതെ, പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന വിദേശികളെ രാജ്യത്ത് നിന്ന് നാടുകടത്താനും അവർക്ക് സൗദിയിൽ വീണ്ടും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താനും പുതിയ നിയമം ആഭ്യന്തര മന്ത്രാലയത്തിന് അധികാരം നൽകുന്നു. വിദേശകാര്യ, നീതിന്യായ മന്ത്രാലയങ്ങളുമായും പബ്ലിക് പ്രോസിക്യൂഷനുമായും സഹകരിച്ചാണ് ഈ നടപടികൾ നടപ്പാക്കുക.

നിയമലംഘകരെ കോടതികളിലേക്ക് റഫർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന നിയമലംഘനങ്ങളും പുതിയ ഭേദഗതിയുടെ ഭാഗമായി പുറത്തിറക്കുന്ന നിയന്ത്രണങ്ങളിൽ വ്യക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കുകയാണ് ഈ കർശന നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

 

Share
error: Content is protected !!