ദുബായിലെ പ്രമുഖ അവതാരകൻ്റെ ആഡംബര കാറിന് തീപിടിച്ചു; സംഭവം ചിത്രീകരണം പൂർത്തിയാക്കി അതിഥികളുമായി സംസാരിക്കുന്നതിനിടെ

ദുബായ്: പ്രമുഖ എമിറാത്തി സംരംഭകനും പോഡ്‌കാസ്റ്റ് അവതാരകനുമായ അനസ് ബുഖാഷിന്റെ ആഡംബര കാറിന് തീപിടിച്ചു. നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. പോഡ്‌കാസ്റ്റ് ചിത്രീകരണത്തിലെ സാങ്കേതിക തകരാർ കാരണം യാത്ര വൈകിയതിനാൽ വൻ അപകടം ഒഴിവായി. ഇത് സംബന്ധിച്ച് അനസ് ബുഖാഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പും വിഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്.

പോഡ്‌കാസ്റ്റിന്റെ ചിത്രീകരണം പൂർത്തിയാക്കി അതിഥികളുമായി സംസാരിക്കുന്നതിനിടയിലാണ് കാറിന് തീപിടിച്ചെന്ന് ആരോ വിളിച്ചുപറഞ്ഞതെന്ന് അനസ് പറഞ്ഞു. സാങ്കേതിക തകരാർ കാരണം ചിത്രീകരണം വൈകിയില്ലായിരുന്നെങ്കിൽ ഞങ്ങൾ കാറിൽ കയറുമായിരുന്നു. തീപിടിച്ചപ്പോൾ ആരും കാറിൽ ഇല്ലാതിരുന്നത് വലിയ ഭാഗ്യമായി.

പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹത്തിന്റെ ജിഎൽഎസ് മേബാക്ക് കാറിന്റെ എൻജിനിൽ നിന്ന് തീ ആളിപ്പടരുന്നത് കാണാം. ആളുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നതും അനസ് ഞെട്ടലോടെ നോക്കിനിൽക്കുന്നതും വിഡിയോയിലുണ്ട്. തൊട്ടടുത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾ തീയണയ്ക്കാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ദുബായ് പൊലീസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തിയതിനും  നന്ദി അറിയിച്ചു.

കാറിന്റെ എൻജിൻ പൂർണമായും കത്തിക്കരിഞ്ഞ നിലയിലുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.  2014-ൽ സ്വന്തമായി ഡിജിറ്റൽ ഏജൻസി ആരംഭിച്ച അനസ് ബുഖാഷ് സമൂഹമാധ്യമ രംഗത്തെ തുടക്കക്കാരിലൊരാളാണ്. 2018-ൽ ആരംഭിച്ച അദ്ദേഹത്തിന്റെ ‘എബി ടോക്സ്’ പോഡ്‌കാസ്റ്റ്, ബിൽ ഗേറ്റ്സ്, ക്രിസ് മാർട്ടിൻ തുടങ്ങിയ പ്രമുഖരെ അതിഥികളായി എത്തിച്ച് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

Share
error: Content is protected !!