സൗദിയിൽ പുതിയ ഭക്ഷ്യനിയമങ്ങൾ പ്രാബല്യത്തിൽ; നിയമലംഘകർക്ക് കടുത്ത ശിക്ഷ, ചെറുകിട സ്ഥാപനങ്ങൾക്ക് ഇളവുകൾ

റിയാദ്: സൗദി അറേബ്യയിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ ഭക്ഷ്യനിയമങ്ങൾ നിലവിൽ വന്നു. മുനിസിപ്പാലിറ്റി, ഭവനകാര്യ മന്ത്രാലയം സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായി (SFDA) സഹകരിച്ചാണ് ഈ പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുകയും രാജ്യത്തെ ഭക്ഷ്യനിയമ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

പുതിയ നിയമമനുസരിച്ച്, ലൈസൻസ് ഇല്ലാതെ അല്ലെങ്കിൽ ലൈസൻസ് കാലാവധി കഴിഞ്ഞ സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചാൽ കനത്ത ശിക്ഷ നേരിടേണ്ടിവരും. ശുചിത്വം, കെട്ടിടനിർമ്മാണ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച നിയമലംഘനങ്ങൾക്കും വലിയ പിഴ ചുമത്തും. നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് 100 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴ ഈടാക്കും. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ സ്ഥാപനം താൽക്കാലികമായോ സ്ഥിരമായോ അടച്ചുപൂട്ടാനുള്ള അധികാരവും പുതിയ സംവിധാനത്തിനുണ്ട്. നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴയും ഭരണപരമായ നടപടികളും ഇരട്ടിയാക്കും.

ചെറുകിട സ്ഥാപനങ്ങൾക്ക് ഇളവുകൾ പുതിയ നിയമങ്ങൾ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ സഹായകമാകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്റെ വലുപ്പം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണ് പിഴ ചുമത്തുന്നത്. ചെറിയ നിയമലംഘനങ്ങൾക്ക് ആദ്യം മുന്നറിയിപ്പ് നൽകും. ഇത് തിരുത്താൻ ഒരു നിശ്ചിത സമയം അനുവദിക്കും. എന്നാൽ ഉപഭോക്താക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ലംഘനങ്ങൾക്ക് നേരിട്ട് പിഴ ചുമത്തും.

ഭക്ഷ്യവിതരണ ശൃംഖലകളും നിയമത്തിന് കീഴിൽ ഭക്ഷ്യവിതരണ ശൃംഖലയിലെ പുതിയ മേഖലകളായ ഡെലിവറി ജീവനക്കാർ, ഭക്ഷ്യവസ്തുക്കളുടെ ട്രാക്കിംഗ്, ഭക്ഷ്യവിഷബാധ കേസുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയവയും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ഉപഭോക്താക്കളുടെ അവബോധം വർദ്ധിപ്പിക്കുന്നതിനായി, ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും മെനുകളിൽ ഉപ്പ്, കഫീൻ, കലോറി എന്നിവയുടെ അളവ് വ്യക്തമാക്കാനും നിർദ്ദേശമുണ്ട്.

നിയമലംഘകർക്ക് ശിക്ഷ നൽകുന്നതിനേക്കാൾ പ്രധാനം, അവർക്ക് മുൻകരുതൽ നൽകുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും, പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പുതിയ നിയമങ്ങളെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അവർ നിർദ്ദേശിച്ചു.

Share
error: Content is protected !!