പണവുമായി പോകുകയായിരുന്ന വാഹനത്തെ തടഞ്ഞു നിർത്തി കൊള്ളയടിച്ചു, ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു; സൗദി പൗരന് വധശിക്ഷ നടപ്പാക്കി

റിയാദ്: റിയാദ് മേഖലയിൽ ഇന്ന് (വ്യാഴാഴ്ച) സൗദി പൗരന് വധശിക്ഷ നടപ്പാക്കി. സുൽത്താൻ ബിൻ ഷാലാൽ ബിൻ ഹമൂദ് അൽ-സക്രൂട്ടി അൽ-ഷമ്മാരി എന്ന  പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന്  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സായുധ കവർച്ചയുൾപ്പെടെ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സുൽത്താൻ അൽ-ഷമ്മാരി ഒരു ക്രിമിനൽ സംഘം രൂപീകരിച്ച് പ്രവർത്തിച്ചിരുന്ന കൊടും കുറ്റവാളിയാണ്. പണവുമായി പോകുകയായിരുന്ന വാഹനത്തെ ഇയാൾ ആയുധങ്ങളുമായി നേരിട്ട് കൊള്ളയടിക്കുകയും ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി പത്ത് ലക്ഷത്തോളം റിയാൽ മോഷ്ടിക്കുകയും ചെയ്തതു. കൂടാതെ, ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ ഏതാനും ഔദ്യോഗിക വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാത്രവുമല്ല സ്വത്തുക്കൾ നശിപ്പിക്കുകയും സാധാരണക്കാരെ ഭയപ്പെടുത്തുകയും ചെയ്തതായും കണ്ടെത്തി. വാഹനം മോഷ്ടിച്ച് റോഡുകൾ തടസ്സപ്പെടുത്തിയതിനും തോക്കുകളും വെടിക്കോപ്പുകളും കൈവശം വെച്ചതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
.

സുരക്ഷാ അധികാരികൾ അൽ-ഷമ്മാരിയെ അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണത്തിൽ ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തതായി തെളിയുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയപ്പോൾ, ഇയാൾക്കെതിരെ ആരോപിക്കപ്പെട്ട കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. പ്രതിയുടെ പ്രവൃത്തികൾ ഭൂമിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിന് തുല്യമാണെന്നും, ഇയാൾക്ക് കൊള്ളയ്ക്കുള്ള പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും കോടതി വിധിച്ചു. ഈ വിധി പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. തുടർന്ന്, ശരീഅത്ത് നിയമപ്രകാരമുള്ള വധശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

നിരപരാധികളെ ആക്രമിക്കുകയും അവരുടെ സ്വത്ത് മോഷ്ടിക്കുകയും ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവരുടെ അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ഏതൊരാൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കാനും നീതി നടപ്പാക്കാനും സൗദി അറേബ്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഏതൊരാൾക്കും നിയമപരമായ ശിക്ഷ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
.

ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!