കന്യാസ്ത്രീകളുടെ അറസ്റ്റ്: ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുംചെയ്യുന്ന നാടകത്തിന് ഇനിയില്ല- മാർ ജോസഫ് പാംപ്ലാനി
കരുവഞ്ചാൽ: ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നാടകത്തിന് ഇനി തങ്ങളില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് വായാട്ടുപറമ്പ് ഫൊറോന കരുവഞ്ചാലിൽ സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
.
രാജ്യത്ത് അവരവരുടെ മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ സാഹചര്യമൊരുക്കണം. കന്യാസ്ത്രീമാർക്ക് ജാമ്യം നിഷേധിച്ചപ്പോൾ പറഞ്ഞത് അവർ രാജ്യദ്രോഹികളാണ്, എൻഐഎ കോടതിയിൽ പോയാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളുവെന്നാണ്. പാവപ്പെട്ടവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പാവം രണ്ട് കന്യാസ്ത്രീകൾ രാജ്യത്തിന്റെ മുഖത്തുനോക്കി ചോദ്യചിഹ്നം ഉയർത്തുകയാണ്. മനുഷ്യത്വത്തിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങളെ കുറ്റകൃത്യമായി, രാജ്യദ്രോഹമായി വിലയിരുത്തുന്ന സാഹചര്യം അപലപനീയമാണ്. ഭരണഘടന പശു തിന്നുപോകുന്ന ഗതികേട് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
.
ഫാ. തോമസ് തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് അതിരൂപതാ പ്രസിഡൻറ് ഫിലിപ്പ് വെളിയത്തിൽ, സെക്രട്ടറി ജിമ്മി അയിത്തമറ്റം, അഡ്വ. ബിനോയ് തോമസ്, സുരേഷ് കാഞ്ഞിരത്തുങ്കൽ, ജെയിംസ് പുത്തൻപുര, ടോമി കണിയാങ്കൽ, ജെയ്സൺ അട്ടാറിമാക്കൽ എന്നിവർ സംസാരിച്ചു.


